ആരെങ്കിലും പറയുന്നത് കേട്ട് എംഎൽഎ ഓഫീസിലേക്ക് വന്നാല്‍ അവർക്ക് തടി കാക്കേണ്ടിവരും: സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ്
പാർട്ടിയെ വെല്ലുവിളിക്കാന്‍ മുന്നോട്ടു വന്നാല്‍ അത് നല്ലതിനാകില്ലെന്നും പി. സന്തോഷ് പറഞ്ഞു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഭീഷണിയുമായി സിപിഎം ഏരിയാ സെക്രട്ടറി. ആരെങ്കിലും പറയുന്നത് കേട്ട് എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാല്‍ അവർക്ക് തടി കാക്കേണ്ടിവരുമെന്ന് ഏരിയാ സെക്രട്ടറി പി. സന്തോഷ് പറഞ്ഞു. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. ചെങ്കൊടിക്ക് നേരെ വന്നാല്‍ നിവർന്നു പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാന്‍ മുന്നോട്ടു വന്നാല്‍ അത് നല്ലതിനാകില്ലെന്നും പി. സന്തോഷ് പറഞ്ഞു.
കണ്ണൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പാർട്ടി പ്രതിരോധത്തിലായത്. ടി.ഐ മധുസൂധനൻ എംഎൽഎ ഫണ്ട് തട്ടിയെടുത്തെന്നും പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ തള്ളി സിപിഎം രംഗത്ത് വന്നു. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ വാസ്തവവിരുദ്ധമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിലെല്ലാം നേരത്തെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണ്. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

