നിയമസഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനത്ത് സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കാൻ സിപിഎമ്മിൽ ധാരണ; സീറ്റ് വെച്ചുമാറൽ ചർച്ചകളും സജീവം
തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥി പട്ടികയിൽ പ്രാഥമിക ചർച്ച മൂന്ന് മുന്നണികളും ആരംഭിച്ചു കഴിഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്ത് തിരുവനന്തപുരം സെന്ററൽ ഒഴികെയുള്ള നിയമസഭാ സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കും . ജില്ലയിലെ 14 ൽ 13 ലും ഇടതുമുന്നണിയുടെ എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ആൻറണി രാജു അയോഗ്യനാക്കപ്പെട്ടതോടെ സീറ്റുകളുടെ എണ്ണം പന്ത്രണ്ടായി കുറഞ്ഞു.
ജില്ലാ സെക്രട്ടറി ആയതുകൊണ്ട് വി.ജോയ് വർക്കലയിൽ മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായം ഉണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവാണ്.പാറശ്ശാല മുതൽ ആറ്റിങ്ങൽ വരെ 14 നിയമസഭാ മണ്ഡലങ്ങൾ.ഇതിൽ കോവളത്ത് എം.വിൻസൻ്റ് ഒഴികെ ബാക്കി 13 പേരും ഇടതുമുന്നണി എംഎൽഎമാർ ആയിരുന്നു.തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ആൻറണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി.. തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി പട്ടികയിൽ പ്രാഥമിക ചർച്ച മൂന്ന് മുന്നണികളും ആരംഭിച്ചു കഴിഞ്ഞു.
വിജയ സാധ്യതയെ ബാധിക്കാതിരിക്കാൻ 12 ഇടത്തും സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചാൽ മതിയെന്നാണ് സിപിഎമ്മിനുള്ളിലെ ധാരണ. പാറശ്ശാലയിൽ സി.കെ ഹരീന്ദ്രനും നെയ്യാറ്റിൻകരയിൽ ആർ.ആൻസലനും നെടുമങ്ങാട് ജി.ആർ അനിലും തന്നെ മത്സരിക്കും. ആറ്റിങ്ങലിൽ ഒ. എസ് അംബികയും വാമനപുരത്ത് ഡി.കെ മുരളിയും വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തും മത്സരിക്കും.
കാട്ടാക്കട ഐ.ബി സതീഷ്,നേമത്ത് വി.ശിവൻകുട്ടി,കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ,കാട്ടാക്കട ജി.സ്റ്റീഫൻ എന്നിവരായിരിക്കും സ്ഥാനാർഥികൾ. ജില്ലാ സെക്രട്ടറി ആയതുകൊണ്ട് വി.ജോയ് മത്സരത്തിൽ നിന്ന് മാറിനിൽക്കണമെന്ന് അഭിപ്രായം ഒരു വിഭാഗത്തിന് ഉണ്ട്. എന്നാൽ സംസ്ഥാന നേതൃത്വം ആ നിലപാടിനോട് യോജിക്കുന്നില്ല. ചിറയിൻകീഴ് വി ശശിയ്ക്കു പകരം പുതുമുഖത്തെയാണ് സിപിഐ ഇറക്കുക. തിരുവനന്തപുരം സീറ്റ് ഏറ്റെടുത്ത് അവിടെ ജനകീയനായ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആലോചന സിപിഎമ്മിൽ നടക്കുന്നുണ്ട്.സീറ്റ് വച്ച് മാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
Adjust Story Font
16

