ഫ്രഷ് കട്ട് സമരം; സംഘർഷം ഒഴിവാക്കാനാണ് ഡിവൈഎഫ്ഐ ശ്രമിച്ചതെന്ന് സിപിഎം
സംഘർഷത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്‌റൂഫ് ഒന്നാം പ്രതിയാണ്

എം.മെഹബൂബ് Photo: MediaOne
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിൽ സംഘർഷം ഒഴിവാക്കാനാണ് ഡിവൈഎഫ്ഐ നേതാവ് ശ്രമിച്ചതെന്ന് സിപിഎം. എഫ്ഐആർ വിശദാംശങ്ങൾ പരിശോധിക്കാതെയാണ് വാർത്തകൾ പുറത്ത് വന്നതെന്നും സിസിടിവി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. സംഘർഷത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്‌റൂഫ് ഒന്നാം പ്രതിയാണ്.
സമരസമിതിക്ക് നേതൃത്വം നൽകിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികൾ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.
എന്നാൽ സംഘർഷത്തിന് നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് എസ്ഡിപിഐ പ്രതികരിച്ചു. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിട്ടുണ്ട്. പ്രശ്നം ഉണ്ടാക്കിയ ക്രിമിനലുകൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു.
മെഹ്റൂഫിനെ പ്രതിയാക്കിയ നടപടി പുനപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

