'90ൽ കൂടുതൽ സീറ്റ് നേടും, ത്യാഗ പൂർണമായ പ്രവർത്തനത്തിന്റെ ഫലം എൽഡിഎഫിന് ലഭിക്കും': എം.വി ഗോവിന്ദൻ
വി.ഡി സതീശൻ വനവാസത്തിന് പോകരുതെന്നും എം.വി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ കൂടുതൽ നേടി വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങളും പ്രതിപക്ഷവും ആവേശ പ്രചരണം ആരംഭിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഭരണത്തിൽ വരാൻ പോകുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
2020-2021 ലെ 94 മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം എസ്ഐആറിന് ശേഷം കുറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലാണ് കൂടുതൽ കുറഞ്ഞത്. 71 മണ്ഡലങ്ങളിൽ 2021നേക്കാൾ പോളിങ് കുറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞു. യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തി. പണം കൊടുത്ത് വോട്ട് പിടിക്കുന്ന കാഴ്ച കേരളത്തിൽ കണ്ടു. 20,000ത്തോളം ജീവനക്കാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നും വോട്ടവകാശം ലഭിച്ച എല്ലാവർക്കും വോട്ട് ചെയ്യാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ത്യാഗ പൂർണമായ പ്രവർത്തനത്തിന്റെ ഫലം എൽഡിഎഫിന് ലഭിക്കും. സർക്കാർ തുടരണമെന്ന നിലപാട് ജനങ്ങൾക്കുണ്ടായി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മന്ത്രി സ്ഥാനം വീതം വെച്ചവരാണ് യുഡിഎഫ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനം വീതം വെച്ചു. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ല. തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ജയിക്കും. പിണറായിയെ മാത്രമായി തെരഞ്ഞെടുപ്പിൽ ഉയർത്തി കാട്ടിയിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി ആണ് തെരഞ്ഞെടുപ്പിനെ നയിച്ചത്. ഇപ്പോൾ പിണറായി തന്നെയാണ് നയിക്കുന്നത്. പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങൾ തീരുമാനിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
ഭരണം കിട്ടിയില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന വി.ഡി സതീശൻ്റെ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത് എന്ന ചിന്ത വേണം. യുഡിഎഫിന്റെ നേതാവായി തന്നെ പ്രവർത്തിക്കണം. ജനങ്ങൾ അതൊക്കെ മറക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കുംഭമേളയിലെ വൈറൽ താരത്തിന്റെ കല്യാണം കേരള സ്റ്റോറി തന്നെയെന്ന് അദ്ദേഹം ആവർത്തിച്ചു. കേരളത്തിൽ വിവാഹം കഴിക്കാൻ സാഹചര്യമുണ്ട്. ഇത് അറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ വന്നത്. രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയത്. ആധാർ കാർഡും മറ്റു രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ കേന്ദ്രങ്ങളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി
Adjust Story Font
16

