Quantcast

'പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള പ്രതികരണം വേണ്ട'; ഇടത് നിരീക്ഷകൻ അഡ്വ.ബി.എൻ ഹസ്കറിന് സിപിഎമ്മിന്‍റെ മുന്നറിയിപ്പ്

ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2026-01-08 07:09:13.0

Published:

8 Jan 2026 11:50 AM IST

പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള പ്രതികരണം വേണ്ട;  ഇടത് നിരീക്ഷകൻ അഡ്വ.ബി.എൻ ഹസ്കറിന് സിപിഎമ്മിന്‍റെ മുന്നറിയിപ്പ്
X

കൊല്ലം: പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് അഡ്വ.ബി.എൻ ഹസ്കറിന് സിപിഎമ്മിൻ്റെ മുന്നറിയിപ്പ് . ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം നിർദേശം നൽകി. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു.

അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ എ.കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ഹസ്കർ പ്രതികരിച്ചു. രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാം. ഇടത് നിരീക്ഷകൻ എന്ന് ഉപയോഗിക്കുന്നത് മാധ്യമങ്ങൾ ആണെന്ന് ഹസ്‌കർ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷത്തിനും സിപിഎമ്മിനും നിദ്രാവ്യാധി ബാധിച്ചിരിക്കുകയാണെന്ന് ചാനൽ ചർച്ചയിൽ ഹസ്‌കർ കുറ്റപ്പെടുത്തിയിരുന്നു. 1996-ലെ തെറ്റുതിരുത്തൽ രേഖയിലെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയന്റെ തെറ്റായ നടപടികളെ പാർട്ടി ഇപ്പോഴും ന്യായീകരിക്കുന്നത് വലിയ കാപട്യമാണെന്ന് വിമർശിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ വിഷലിപ്തമാണെന്നും മതനേതാക്കളുടെ തെറ്റായ നിലപാടുകളെ ആർജവത്തോടെ എതിർത്തപ്പോഴാണ് ഇടതുപക്ഷത്തിന് വജ്രശോഭ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം ലഭിക്കുന്നത് സിപിഎമ്മിന്‍റെ മൗനം കാരണമാണെന്നും, സിപിഐ സെക്രട്ടറി ബിനോയ് വിശ്വം കാണിച്ച രാഷ്ട്രീയ വ്യക്തത സിപിഎമ്മിന് ഇല്ലാതെ പോകുന്നത് ‘ഇരട്ടത്താപ്പ്’ ആണെന്നുമാണ് ഹസ്കര്‍ പറഞ്ഞത്.



TAGS :

Next Story