'മുക്കാൽമുറിയനെ നമ്പണ്ടാ...'; വയനാട്ടിൽ വിജയാഹ്ലാദത്തിനിടെ വംശീയ അധിക്ഷേപ പരാമർശവുമായി സിപിഎം പ്രവർത്തകർ
17 സീറ്റുള്ള പഞ്ചായത്തിൽ ഇത്തവണ മൂന്ന് വാർഡുകൾ സിപിഎമ്മിന് നഷ്ടമായിരുന്നു.

കൽപറ്റ: വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ വംശീയ അധിക്ഷേപ പരാമർശവുമായി സിപിഎം പ്രവർത്തകർ. തിരുനെല്ലിയിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ഇത്. മുക്കാൽമുറിയൻ എന്ന് വിളിച്ചായിരുന്നു ലീഗ് പ്രവർത്തകർക്കെതിരെ അധിക്ഷേപ പരാമർശം.
ലീഗുകാരെ നമ്പണ്ടാ, അവസരവാദിയെ നമ്പണ്ടാ, മുക്കാൽമുറിയനെ നമ്പണ്ടാ എന്നായിരുന്നു മുദ്രാവാക്യത്തിലെ പരാമർശങ്ങൾ. തിരുനെല്ലി നരിക്കൽ അഞ്ചാം വാർഡിലെ പ്രവർത്തകരാണ് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ വംശീയ അധിക്ഷേപ പരാമർശം നടത്തിയത്.
മുദ്രാവാക്യം വിളിച്ച് റോഡിൽ നിന്ന് സിപിഎം പ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷം പോലുമില്ലാതെ സിപിഎം ഒറ്റയ്ക്ക് ഭരിച്ചിരുന്ന പഞ്ചായത്താണ് തിരുനെല്ലി. എന്നാൽ, 17 സീറ്റുള്ള പഞ്ചായത്തിൽ ഇത്തവണ മൂന്ന് വാർഡുകൾ അവർക്ക് നഷ്ടമായിരുന്നു.
ഇതിൽ രണ്ടിടത്ത് യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ് വിജയിച്ചത്. ഇതോടെയാണ്, ഇന്നലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മോശം പരാമർശം നടത്തിയത്. വംശീയ അധിക്ഷേപ പരാമർശത്തിൽ സിപിഎം പ്രവർത്തകനെതിരെ പരാതി നൽകുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു.
ഇന്നലെ കണ്ണൂരിൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം പ്രവർത്തകർ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂര്‍ പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
ഇവർ ആയുധങ്ങളുമായെത്തി സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിൽ 60 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16


