സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കം
ആശാ പ്രവർത്തകർക്കിടയിൽ സ്വാധീനം കുറയുന്നെന്ന് സംഘടനാ റിപ്പോർട്ട്

മധുര: സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും. മുതിർന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി അംഗം മണിക് സർക്കാറാണ് പ്രസിഡിയം നിയന്ത്രിക്കുന്നത്.
കേരളത്തിൽനിന്ന് പുത്തലത്ത് ദിനേശനാണ് പ്രസീഡിയത്തിൽ അംഗമായിട്ടുള്ളത്.സംഘടനാ റിപ്പോർട്ട് ബി.വി രാഘവുലു അവതരിപ്പിക്കും.കരട് രാഷ്ട്രീയ പ്രമേയം പി ബി കോഡിനേറ്റർ പ്രകാശ് കാരാട്ടാണ് അവതരിപ്പിക്കുന്നത്.ദീപശിഖയും പതാകയും ഇന്നലെ സന്ധ്യയോടെ സമ്മേളന നഗരിയിൽ എത്തി.
ഉച്ചയ്ക്കുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. 75 വയസ്സ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കണമോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും.എം എ ബേബി അടക്കമുള്ളവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ക്ഷണിതാക്കൾ ഉൾപ്പെടെ 811 പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ വിമർശനവും സ്വയം വിമർശനവും ഉൾപ്പെടുത്തി സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട്. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ല, പാർലമെൻററി വ്യാമോഹം വിഭാഗീയതയിലേക്ക് നയിക്കുന്നു. ആശാ പ്രവർത്തകർക്കിടയിൽ പാർട്ടിക്ക് സ്വാധീനം കുറയുന്നുവെന്നും സംഘടനാ റിപ്പോർട്ട് പറയുന്നുണ്ട്.
127 പേജുള്ള സംഘടന റിപ്പോർട്ട് മുതിർന്ന അംഗമായ ബി.വി രാഘവുലുവാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നത്. തിരുത്താൻ കുറേ കാര്യങ്ങൾ ഉണ്ടെന്ന് സംഘടനാ റിപ്പോർട്ട് പറയുന്നുണ്ട്. പി.ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷം വിലയിരുത്താനാണ് പാർട്ടി തീരുമാനം. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കും.
പാർലമെൻ്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നുണ്ട്. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ല. ഇവർക്കിടയിൽ സോഷ്യലിസം പ്രചരിപ്പിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിൽ കാണാം. നഗരങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് പാർട്ടി ഇറങ്ങിച്ചെല്ലണം, ഗ്രാമീണ മേഖലകളിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം.ഹിന്ദുത്വ വർഗീയതയെ എതിർക്കാൻ ശക്തമായ പ്രചാരണം നടത്തണം.കീഴ്ഘടകം മുതൽ ഇതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്നും സംഘടനാ റിപ്പോർട്ട് പറയുന്നു.
പ്രാദേശിക തലങ്ങളിൽ സംഘടനാ പ്രശ്നങ്ങളുണ്ടെങ്കിൽ ജില്ലാ കമ്മിറ്റിയോ സംസ്ഥാന നേതൃത്വമോ ഇടപെട്ടത് പരിഹരിക്കണം. ആശാ പ്രവർത്തകർക്കിടയിൽ സംഘടനാ സ്വാധീനം കുറയുന്നു എന്ന് റിപ്പോർട്ട് തുറന്ന് സമ്മതിക്കുന്നു. ആശമാർക്കായി തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാർട്ടിയെ എതിർക്കുന്നവരുമായി ആശാവർക്കർമാർ ചേർന്നുനിൽക്കുന്നു. പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ പോലും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കേരളഘടകത്തിന്റെ പേരെടുത്ത് പറയുന്നില്ല.
Adjust Story Font
16

