Quantcast

'മാല വീട്ടിൽ നിന്ന് തന്നെ കിട്ടി, പുറത്ത് പറയരുതെന്ന് പൊലീസ് ഓമനയോട് പറഞ്ഞു'; പേരൂർക്കട വ്യാജമോഷണക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്

സോഫയില്‍ നിന്ന് കിട്ടിയ മാല ചവറ്റുകൂനയില്‍ നിന്ന് കിട്ടിയതാണെന്ന് വരുത്തിത്തീര്‍ത്തതും പൊലീസാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-09-12 07:32:03.0

Published:

12 Sept 2025 12:46 PM IST

മാല വീട്ടിൽ നിന്ന് തന്നെ കിട്ടി, പുറത്ത് പറയരുതെന്ന് പൊലീസ് ഓമനയോട് പറഞ്ഞു; പേരൂർക്കട വ്യാജമോഷണക്കേസില്‍  ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്
X

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണ കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്.മാല വീട്ടിൽനിന്ന് തന്നെ കിട്ടിയെന്ന് പരാതിക്കാരിയായ ഓമന സ്റ്റേഷനിലെത്തി പൊലീസിനോട് പറഞ്ഞിരുന്നു വെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇക്കാര്യം ഓമന എസ്ഐയോട് ഇക്കാര്യം പറഞ്ഞത്. മാല കിട്ടിയത് പുറത്ത് പറയരുതെന്ന് പൊലീസ് ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

ബിന്ദുവിനെ ബോധപൂര്‍വം കേസില്‍ പ്രതിയാക്കണമെന്ന രീതിയില്‍ പൊലീസ് പ്രവര്‍ത്തിച്ചെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.മാല കിട്ടിയെന്നറിഞ്ഞിട്ടും ബിന്ദുവിനെ ഇക്കാര്യം അറിയിച്ചില്ലെന്നും സോഫയില്‍ നിന്ന് കിട്ടിയ മാല ചവറ്റുകൂനയില്‍ നിന്ന് കിട്ടിയതാണെന്ന് വരുത്തിത്തീര്‍ത്തതും പൊലീസാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിന്ദുവിന്റെ പരാതിയിൽ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ പ്രതിയാക്കി കേസെടുത്തിരുന്നു.

ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു.

രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.

പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്.

പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.


TAGS :

Next Story