സി.ജെ റോയിയുടെ മരണം; ഡയറിയിൽ നിർണായക വിവരങ്ങൾ
ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങൾ
ബംഗളൂരു: ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസിൽ നിർണായക കണ്ടെത്തൽ. റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിൽ.
ഡയറിയിൽ നിർണായക വിവരങ്ങൾ കണ്ടെത്തി. സി.ജെ റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങൾ. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പിൽ. പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും കുറിപ്പിൽ ഡയറിയിൽ. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
റോയിയുടെ കുടുംബത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തും . റോയിയുടെ ഫോണിൻ്റെ പാസ്‌വേര്‍ഡ് കണ്ടെത്തനാണ് ശ്രമം . കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഓഫീസിലെ കൂടുതൽ സിസിടി വി ദൃശ്യങ്ങളും ശേഖരിക്കും . റോയി മരിക്കുന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി
പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ നെഞ്ചിന്‍റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനക്ക് അയച്ചു.
കർണാടക സിഐ ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും . ചട്ടം ലംഘിച്ചാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോൺഫിഡന്‍റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നൽകിയ പരാതിയിൽ പറയുന്നു. തോക്ക് ലൈസൻസ് ഉണ്ടോ എന്ന പരിശോധന പോലും നടത്തിയില്ല. സാധാരണ തോക്ക് വാങ്ങിവെച്ചശേഷം മാത്രമെ റെയ്ഡ് നടത്തൂ.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സഹപ്രവർത്തകർ നൽകുന്ന വിവരം. അശോക്‌നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് സമർപ്പിച്ച പരാതിയിലാണ് കൂടുതൽ വിവരങ്ങളുള്ളത്.
താൻ ക്യാബിനിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി സമ്മതിച്ചില്ലെന്ന് ജോസഫ് പറഞ്ഞു. ആരെയും കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിലിരിക്കുന്ന നിലയിലായിരുന്നു റോയ്. പൾസ് ഇല്ലെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ മെഡിക്കൽ സ്റ്റാഫ് പറഞ്ഞത്. ഉടൻ തന്നെ ആംബുലൻസിൽ ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിച്ചെന്നും ജോസഫ് പറഞ്ഞു.
Adjust Story Font
16

