Quantcast

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു

സ്വർണകൊള്ളയിൽ ഇയാളുടെ പങ്ക് വ്യക്തമായാൽ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും

MediaOne Logo

Web Desk

  • Updated:

    2025-10-21 03:07:49.0

Published:

21 Oct 2025 6:26 AM IST

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു
X

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തിൽ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച അനന്ത സുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യൽ രാത്രിയും തുടർന്നു. അനന്ത സുബ്രഹ്മണ്യം നൽകിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചവരികയാണ്. സ്വർണകൊള്ളയിൽ ഇയാളുടെ പങ്ക് വ്യക്തമായാൽ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വൈകാതെ അന്വേഷണസംഘം ചോദ്യം ചെയ്യും.

ഇതിനുശേഷമാകും എ.പത്മകുമാർ അടക്കമുള്ള മുൻ ദേവസ്വം ബോർഡ് അംഗങ്ങളിലേക്ക് അന്വേഷണം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് വൈകാതെ തെളിവെടുപ്പ് നടത്തും. ശബരിമലയിൽ നിന്ന് സ്വർണപ്പാളി ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. കുറച്ച് ദിവസം മുമ്പ് അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പ്രത്യക അന്വേഷണ സംഘം പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2019ൽ സ്വർണപ്പാളികൾ ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം അത് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഹൈദരാബാദിലേക്ക് എത്തിച്ച് അവിടെ സൂക്ഷിക്കുകയും ചെയ്തതായാണ് വിജിലൻസ് കണ്ടെത്തൽ. ഹൈദരാബാദിൽ നാകേഷ് എന്ന സ്വർണ പണിക്കാരനെ ഏൽപ്പിച്ച സ്വർണപ്പാളികൾ തുടർന്ന് നാകേഷാണ് സ്മാർട്ട് ക്രീയേഷൻസിലേക്ക് കൊണ്ടുപോയത്. സ്വർണം എങ്ങനെ ചെമ്പായി എന്നതിനെ കേന്ദ്രികരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, ശബരിമല സ്വർണകൊള്ളയിൽ ഹൈക്കോടതി സ്വമേധയ എടുത്ത ഹരജിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതി മുറിയിൽ. ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ ഇന്ന് ആദ്യത്തെ ഐറ്റം ആയാണ് വിഷയം പരിഗണിക്കുന്നത്. കേസിലെ തുടർനടപടികൾ അടച്ചിട്ട കോടതി മുറിയിൽ രഹസ്യ സ്വഭാവത്തിലാണ് നടത്തുകയെന്ന് ഹൈക്കോടതി രജിസ്ട്രാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. പട്ടികയിൽ രണ്ടാമതായിരുന്ന കേസ് ആദ്യത്തെ ഐറ്റം ആയി പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകും. ഒപ്പം വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം കണക്കാക്കാൻ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെടി ശങ്കരനും കോടതിയിൽ പ്രാഥമിക വിശദാംശങ്ങൾ കൈമാറും. അറ്റകുറ്റപണികൾ പൂർത്തിയാക്കി തിരികെ എത്തിച്ച സ്വർണപാളികൾ ദ്വാരകപാലക ശില്പങ്ങളിൽ ഘടിപ്പിച്ച കാര്യം ദേവസ്വം ബോർഡും ഇന്ന് കോടതിയിൽ അറിയിക്കും. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയ കാര്യവും, മറ്റ് തെളിവുകളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ, സീൽ ചെയ്ത കവറിലാണ് എസ്ഐടി കോടതിയിൽ കൈമാറുക. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ വി ജയകുമാർ എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

TAGS :

Next Story