ഓഫര്‍ തട്ടിപ്പ് കേസ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്തത്

കണ്ണൂര്‍: ഓഫര്‍ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്തത് .മൂന്ന് തവണ ലീഗൽ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു കൃഷ്ണനിൽ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് മൊഴി. ക്രൈംബ്രാഞ്ച് മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണ്ടും വിളിപ്പിക്കും. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 7-ാം പ്രതിയാണ് ലാലി വിൻസെന്‍റ്. മൂന്നുതവണയാണ് നേതാവ് ലാലിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഡീൻ കുര്യാക്കോസ് എംപിയെയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി വർഗീസിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
നോട്ടീസ് നൽകിയാൽ ഹാജരാക്കുമെന്നും പണം വാങ്ങിയിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും സി.വി വർഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീൻ കുര്യാക്കോസും സി.വി വർഗീസും ലക്ഷങ്ങൾ വാങ്ങിയെന്നായിരുന്നു പ്രതി അനന്തു കൃഷ്ണന്‍റെ മൊഴി.
കേസില്‍ തന്നെ പ്രതി ചേര്‍ത്ത വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന് ലാലി വിന്‍സെന്‍റ് നേരത്തെ പ്രതികരിച്ചിരുന്നു. അനന്തു കൃഷ്ണനുമായി ഉളളത് നിയമോപദേശക എന്ന രീതിയിലുളള ബന്ധമാണ്. പദ്ധതി സുതാര്യമായിരുന്നെന്നും കേരളം മുഴുവന്‍ ഏറ്റെടുത്ത ജനോപകാരപ്രദമായ പദ്ധതിയെ തട്ടിപ്പ് എന്ന് വിളിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും അവര്‍ പറഞ്ഞിരുന്നു.
എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണൻ്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം.
Adjust Story Font
16

