കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; അഞ്ചുപേരുടെ ഫോണുകൾ പിടിച്ചെടുത്തു
പ്രതികൾ പങ്കുവെച്ച വീഡിയോക്ക് താഴെ അശ്ലീല കമന്റ് ഇട്ടവരുടെ ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്

Photo| Special Arrangement
കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം. പ്രതികൾ പങ്കുവെച്ച വീഡിയോക്ക് താഴെ അശ്ലീല കമന്റ് ഇട്ടവരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. ഇവരെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും. കൂടുതൽ പേരുടെ ഫോൺ പിടിച്ചെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ഷൈനിനെതിരായ അപവാദ പ്രചരണക്കേസിൽ ഒന്നാം പ്രതി സി.കെ ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. എറണാകുളം റൂറൽ പൊലീസ് കേസിന്റെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കും. ഗോപാലകൃഷ്ണനെതിരെ ചുമത്തിയ വകുപ്പുകളും അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും.
ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കെ.എം ഷാജഹാന് ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു. ഐടി ആക്ട് 67 ഉൾപ്പടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ സാധൂകരിക്കുന്ന തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
Adjust Story Font
16

