'പരിക്കേറ്റപ്പോൾ രക്ഷപ്പെടണമെന്ന പ്രാർഥന തെറ്റായിരുന്നു'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട ഉമാ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം
മേലനങ്ങാതെ എംഎൽഎ ആയതിൻ്റെ കുഴപ്പമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകളുണ്ട്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്ക് നേരെ സൈബർ ആക്രമണം. അടുത്ത തവണ വീട്ടിൽ ഇരുത്തണമെന്നും പരിക്കേറ്റപ്പോൾ രക്ഷപ്പെടണമെന്ന പ്രാർഥന തെറ്റായിരുന്നു എന്നുൾപ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎൽഎ ആയതിൻ്റെ കുഴപ്പമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകളുണ്ട്.
ഉമാ തോമസ് എംഎൽഎയെ അനുകൂലിച്ചുള്ള നിലപാടുകളും പാർട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്നായിരുന്നു ഉമാ തോമസിൻ്റെ പ്രതികരണം.
യുവതികളുടെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രാഹുൽ ഒരു നിമിഷം മുമ്പ് തന്നെ രാജിവെക്കണമെന്നും മറ്റു പ്രസ്ഥാനങ്ങൾ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.കോൺഗ്രസ് സ്ത്രീകളെ എന്നും ചേർത്ത് പിടിച്ചിട്ടൊള്ളൂ എന്നും ഉമാ തോമസ് വ്യക്തമാക്കി.
അതേസമയം, ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള സാധ്യത മങ്ങുന്നു.രാജിക്ക് പകരം സസ്പെൻഷൻ അടക്കമുള്ള ആലോചനകൾക്കാണ് ഇപ്പോൾ കോൺഗ്രസിൽ മുൻ തൂക്കം. ഉപതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിക്കുന്നത്. അന്തിമതീരുമാനം ഇന്നുണ്ടായേക്കും.
Adjust Story Font
16

