പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം; ഇടപെട്ട് മനുഷ്യാവാകാശ കമ്മീഷൻ
ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം

തിരുവനന്തപുരം: സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവാകാശ കമ്മീഷൻ. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി / അസി. കമ്മീഷണർ റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. യുവതി പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
ജൂലൈ 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. മീഡിയവണിലൂടെയാണ് മാല മോഷണം ആരോപിച്ചുള്ള പൊലീസ് ക്രൂരത പുറത്തെത്തിച്ചത്. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചിരുന്നു.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത് .ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.
Adjust Story Font
16

