കണ്ണൂരിലെ ദമ്പതികളുടെ മരണം; പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തിയെന്ന് നിഗമനം
മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്

കണ്ണൂർ: അലവിലിലെ ദമ്പതികളുടെമരണത്തിൽ ഭർത്താവ് പ്രേമരാജൻ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയതെന്ന് നിഗമനം. എ.കെ ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി രക്തം വാർന്ന നിലയിലാണ്.
എന്നാൽ കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ടാണ് അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69) എന്നിവരെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.മന്ത്രി എ.കെ ശശീന്ദ്രന്റെ മരുമകളാണ് മരിച്ച എ.കെ ശ്രീലേഖ.
മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രേമരാജനും ശ്രീലേഖയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രേമരാജന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച ചുറ്റികയാണ് ശ്രീലേഖയുടെത് കൊലപാതകം ആണെന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. വാതിലുകൾ അകത്തു നിന്ന് അടച്ചിരുന്നതിനാൽ പുറത്തുള്ളവർക്ക് മരണത്തിൽ പങ്കില്ലെന്നും പൊലീസ് ഉറപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Adjust Story Font
16

