Quantcast

'പാലാ ബിഷപ്പിന്‍റെ വാദം സിപിഎം ശരിവെച്ചു': ദീപികയില്‍ ലേഖനം

ക്ലീന്‍ ഇമേജ് കാത്തുസൂക്ഷിക്കാനുള്ള പൊടിക്കൈകളാണ് വി ഡി സതീശന്‍ നടത്തുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു

MediaOne Logo

Web Desk

  • Published:

    18 Sep 2021 4:32 AM GMT

പാലാ ബിഷപ്പിന്‍റെ വാദം സിപിഎം ശരിവെച്ചു: ദീപികയില്‍ ലേഖനം
X

പാലാ ബിഷപ്പിന്‍റെ വാദങ്ങൾ സിപിഎം ശരിവെച്ചെന്ന് ദീപിക പത്രത്തിൽ ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും അറിഞ്ഞുകൊണ്ടു മൂടിവെയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത്. ബിഷപ്പ് പറഞ്ഞതിന് മതത്തിന്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചു. സിപിഎം ഇപ്പോൾ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇമേജുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

'യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ലേഖനം ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലേഖനം വിമര്‍ശിക്കുന്നു. ക്ലീന്‍ ഇമേജ് കാത്തുസൂക്ഷിക്കാനുള്ള പൊടിക്കൈകളാണ് സതീശന്‍ നടത്തുന്നത്. ലീഗിലെ മിക്ക നേതാക്കള്‍ക്കും ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ നേരത്തെ അറിയാം. യുഡിഎഫിലെ കേരള കോണ്‍ഗ്രസുകാരുടെ നിലപാട് സുവ്യക്തമാണ്. ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടിയെടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.

കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്ന സി.പി.എമ്മിന്‍റെ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. താലിബാനെപ്പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നത് ഗൗരവതരമാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി ശക്തിനേടുന്നത് തടയണമെന്നും സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടനങ്ങളില്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. പിന്നാലെയാണ് ദീപികയിലെ ലേഖനമെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച മന്ത്രി വാസവന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയുണ്ടായി. പാലാ ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നുമാണ് സഹകരണമന്ത്രി വാസവന്‍ പറഞ്ഞത്.

'ഖുർആനെ കുറിച്ച് പാലാ ബിഷപ്പിന് നല്ല ധാരണയുണ്ട്. എല്ലാ അടിസ്ഥാന ഗ്രന്ഥങ്ങളെക്കുറിച്ചും പാലാ ബിഷപ്പിന് ധാരണയുണ്ട്. ബിഷപ്പിന്റെ പ്രസംഗം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇടക്കിടെ ചർച്ചകൾ നടത്താറുമുണ്ട്. ബിഷപ്പ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണ്'- വി എന്‍ വാസവന്‍ പറഞ്ഞു.





TAGS :

Next Story