'നുണക്ക് പിന്നാലെ വർഗീയ കാർഡ്'; സർക്കാറിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ദീപിക പത്രത്തിൽ മുഖപ്രസംഗം
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രിയും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ഇടഞ്ഞത്

Deepika Editoria | Photo | Deepika
കൊച്ചി: സർക്കാറിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. 'നുണക്ക് പിന്നാലെ വർഗീയ കാർഡ്' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് മന്ത്രിയും കത്തോലിക്കാ സഭയും തമ്മിൽ ഇടഞ്ഞത്. ഭിന്നശേഷിക്കാർക്ക് നിയമനം നൽകുന്നതിന് ക്രൈസ്തവ മാനേജ്‌മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രസ്താവന. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിന് നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് തെളിഞ്ഞതോടെ മന്ത്രി വർഗീയ കാർഡിറക്കുകയാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
ഭിന്നശേഷി ഒഴിവുകൾ നികത്താത്തതിനാൽ 16,000 അധ്യാപകരുടെ നിയമനമാണ് മുടങ്ങിനിൽക്കുന്നത്. അവർക്ക് വേണ്ടി സംസാരിക്കുന്നതിൽ ഏത് മതവും ജാതിയുമാണ് ഉള്ളതെന്ന് മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും മന്ത്രി ആത്മപരിശോധന നടത്തണം. അധ്യാപകരുടെ വിദ്യാർഥികളുടെ ന്യായമായ പ്രശ്‌നം പരിഹരിക്കാൻ വർഗീയ ധ്രുവീകരണമല്ല, വകതിരിവാണ് വേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഭിന്നശേഷിക്കാരായ അധ്യാപകർക്കുള്ള നാല് ശതമാനം സംവരണം നികത്താതെ മറ്റു അധ്യാപകരുടെ സ്ഥിരനിയമനം നടത്താനാവില്ല. സർക്കാറാണ് അധ്യാപകരെ കൊടുക്കേണ്ടതെങ്കിലും പൂർണമായും കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്റുകൾ പത്രപ്പരസ്യത്തിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടുന്നില്ല. ഒഴിവ് നികത്തുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതോടെയാണ് എൻഎസ്എസ് കോടതിയെ സമീപിച്ചത്.
സംവരണസീറ്റുകൾ ഒഴിച്ചിട്ട് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രിംകോടതി നിർദേശിച്ചിരുന്നു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാർ ഒഴിവ് നികത്തിയില്ല, മറ്റു നിയമനങ്ങൾ ക്രമപ്പെടുത്തുന്നുമില്ല. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് നുണകളും ഒടുവിൽ വർഗീയ കാർഡും വീശുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
16,000 അധ്യാപകരുടെ നിയമനപ്രശ്‌നം ഉന്നയിച്ചതിനാണ് മന്ത്രി ക്രൈസ്തവ മാനേജ്‌മെന്റുകൾക്കെതിരെ വർഗീയ ആരോപിക്കുന്നത്. ഈ മന്ത്രിയുടെ പെരുമാറ്റത്തിൽ സർക്കാറിന് ഒരു പ്രത്യേകതയും തോന്നുന്നില്ലേ? ഈ വിഷയമുള്ളത് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ സ്‌കൂളിൽ മാത്രമല്ല. സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കുടുങ്ങിക്കിടക്കുന്ന 16,000 അധ്യാപകരും ക്രൈസ്തവരല്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം പ്രസ്താവന നടത്തുന്ന മന്ത്രിയുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമാണോയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ഭിന്നശേഷിക്കാരുടെ ഒഴിവ് നികത്താനുള്ള കഴിവുകേട് മറച്ചുവെച്ച് മറ്റു അധ്യാപകരുടെ സ്ഥിരനിയമനം തടഞ്ഞ് അവരെ ബന്ദികളാക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നത്. മന്ത്രി ശിവൻകുട്ടി വർഗീയാരോപണം നടത്തിക്കളയുമോയെന്ന് പേടിച്ച് കേരളം കണ്ട ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനീതിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ അധ്യാപകരുടെയും ആശമാരുടെയും കണ്ണീർ നിങ്ങളെ വേട്ടയാടില്ലെന്നാണോ കരുതുന്നത് എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Adjust Story Font
16

