Quantcast

ദീപുവിന്‍റെ കൊലപാതകം; മർദിച്ചത് പ്രൊഫഷണൽ ഗുണ്ടകളെന്ന് സാബു എം ജേക്കബ്

ദീപുവിന്റെ കോവിസ് ടെസ്റ്റ് നടത്തിയതിൽ ദുരൂഹതയുണ്ട്. മരിച്ചതായി അറിയിക്കുന്നതിന് മുമ്പേ കോവിഡ് ടെസ്റ്റ് നടത്തി

MediaOne Logo

Web Desk

  • Updated:

    2022-03-02 11:39:08.0

Published:

2 March 2022 11:32 AM GMT

ദീപുവിന്‍റെ കൊലപാതകം; മർദിച്ചത് പ്രൊഫഷണൽ ഗുണ്ടകളെന്ന് സാബു എം ജേക്കബ്
X

ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിനെ മർദിച്ചത് പ്രൊഫഷണൽ ഗുണ്ടകളെന്ന് സാബു എം ജേക്കബ്. ദീപുവിന്റെ കോവിസ് ടെസ്റ്റ് നടത്തിയതിൽ ദുരൂഹതയുണ്ട്. മരിച്ചതായി അറിയിക്കുന്നതിന് മുമ്പേ കോവിഡ് ടെസ്റ്റ് നടത്തി. ഇതില്‍ പി വി ശ്രീനിജൻ എം എൽ എ ഉൾപെടെയുള്ളവരുടെ പങ്ക് പുറത്തുവരണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.

കേസ് സിബിഐ അന്വേഷിക്കണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്താൻ ഒരു മന്ത്രി വഴി ശ്രമം നടന്നു. മെഡിക്കൽ സൂപ്രണ്ട് വഴി സമ്മർദം ചെലുത്താൻ ശ്രമിച്ചു. അതിന് തെളിവുകൾ കൈയിലുണ്ടെന്നും സാബു പറഞ്ഞു.

തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ട്വന്‍റി ട്വന്‍റിയുടെ വിളക്കണക്കല്‍ സമരത്തിനിടെ ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നായിരുന്നു ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകരുടെ ആരോപണം. ദീപുവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുത്തതായി സാബു എം ജേക്കബ് അറിയിച്ചിരുന്നു.

കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വൻറി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. ഈ മാസം ആദ്യമാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്. രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വൻറി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വൻറി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജൻ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.

ട്വൻറി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. പിറ്റേന്ന് പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ദീപുവിൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

TAGS :

Next Story