ഡൽഹി ആക്രമണം: 'കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം'; ടി.പി അബ്ദുല്ലക്കോയ മദനി
'രാജ്യത്തെ സമാധാനവും സുരക്ഷിതത്വവും നശിപ്പിക്കാനുള്ള ശ്രമങ്ങളെ എതിർത്തു തോൽപ്പിക്കാൻ സമൂഹം ഒന്നിച്ചു നിൽക്കണം'

കോഴിക്കോട്: രാജ്യത്തെ നടുക്കിയ ഡൽഹി ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വിശദമായ അന്വേഷണത്തിലൂടെ നിയമത്തിനു മുന്നിലെത്തിക്കുകയും മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്യണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. പഹൽഗം ഭീകരാക്രമണത്തിന്റെ വേദന മാറും മുമ്പ് രാജ്യതലസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് കൊടും കുറ്റവാളികൾ നടത്തിയിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
രാജ്യത്തെ സമാധാനവും സുരക്ഷിതത്വവും നശിപ്പിക്കാനുള്ള ശ്രമങ്ങളെ എതിർത്തു തോൽപ്പിക്കാൻ സമൂഹം ഒന്നിച്ചു നിൽക്കണം. ഈ വിഷയത്തിൽ നീതിപൂർവ്വകമായ അന്വേഷണം നടക്കണം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഊഹങ്ങളുടെ പേരിൽ വീണ്ടും ആക്രമണം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യന്തം ഗൗരവമുള്ള ആക്രമണമാണ് ഡൽഹിയിൽ സംഭവിച്ചിട്ടുള്ളത്. ഏറ്റവും തിരക്കേറിയ സ്ഥലത്ത് നിരപരാധികളായ മനുഷ്യരെ ലക്ഷ്യം വെച്ച് ആസൂത്രിതമായി നടത്തിയിട്ടുള്ള ആക്രമണത്തിന് പിന്നിലെ മുഴുവൻ കണ്ണികളെയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും കെഎൻഎം പ്രസിഡന്റ് ആവശ്യപ്പെട്ടു.
Adjust Story Font
16

