വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം; നേതൃത്വം നൽകിയയാളുടെ ബൈക്ക് കത്തിച്ചു
രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെ ഇന്നലെ സിപിഎം പുറത്താക്കിയിരുന്നു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. വെള്ളുർ സ്വദേശി പ്രസന്നൻ്റെ ബൈക്കാണ് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ അനുകൂല പ്രകടനം നടത്തിയത്. രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെ ഇന്നലെ സിപിഎം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നത്. പയ്യന്നൂർ മാവിച്ചേരിയിൽ സിപിഎം പ്രവർത്തകർ കുഞ്ഞികൃഷ്ണനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ പ്രവർത്തകർ കുഞ്ഞികൃഷ്ണൻ്റെ കോലം കത്തിച്ചു
അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാകമ്മറ്റി യോഗത്തിൽ ഉയർന്നത്. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഉൾപ്പെടെയുള്ള പാർട്ടി നിലപാടിൽ വിമർശനം ഉയർന്നു. കടുത്ത നടപടി നേരത്തെ എടുക്കേണ്ടിയിരുന്നു. വിഭാഗീയതയുടെ ഭാഗമായിരുന്ന കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ എടുത്തത് ശരിയായില്ലെന്നും അംഗങ്ങൾ. പുറത്താക്കൽ തീരുമാനം ഏകകണ്ഠമായാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.
Adjust Story Font
16

