Quantcast

'അന്ന് കടൽക്കൊള്ള, ഇന്ന് കേരളത്തിന്റെ വികസന കേന്ദ്രം'; ചർച്ചയായി ദേശാഭിമാനിയുടെ ഒന്നാം പേജ്

വിഴിഞ്ഞത്ത് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് എല്‍.ഡി.എഫ് സർക്കാറും സമര സമിതിയും ആവര്‍ത്തിക്കുന്നു

MediaOne Logo

Web Desk

  • Published:

    29 Nov 2022 1:23 PM GMT

അന്ന് കടൽക്കൊള്ള, ഇന്ന് കേരളത്തിന്റെ വികസന കേന്ദ്രം; ചർച്ചയായി ദേശാഭിമാനിയുടെ  ഒന്നാം പേജ്
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെച്ചൊല്ലി സർക്കാറും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ 2016 ലെ ഒന്നാം പേജ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. 'കടൽക്കൊള്ള' എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ ഒന്നാം പേജിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണെന്നാണ് ദേശാഭിമാനിയുടെ വാർത്തയിൽ പറയുന്നത്. കൊച്ചി മെട്രോയിൽ പരാജയപ്പെട്ടപ്പോൾ ഇവിടെ വികസനക്കുതിപ്പിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി അദാനിക്ക് തീറെഴുതിയതെന്നും വാർത്തയിലുണ്ട്. അദാനിക്ക് വേണ്ടി പെട്ടിചുമക്കുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാർട്ടൂണും വാർത്തക്കൊപ്പമുണ്ടായിരുന്നു.

ഇതിന് പുറമെ പദ്ധതിയുടെ ഭാഗമായി കടൽകുഴിക്കൽ തുടങ്ങിയതോടെ ആ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നും മത്സ്യലഭ്യത കുറഞ്ഞതായും വാർത്തയിലുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സഹായങ്ങളും തൊഴിൽ പുനരധിവാസവും സർക്കാർ മറന്നുതുടങ്ങി. കടൽ വിദേശ കപ്പലുകൾക്കും കര വിഴിഞ്ഞം വാണിജ്യപോർടിനായി അദാനിക്കും നൽകിയതോടെ തീരദേശവാസികളുടെ മത്സ്യബന്ധനം അസാധ്യമായെന്നും വാർത്തയിലുണ്ട്.

അതേസമയം, വിഴിഞ്ഞത്ത് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് എല്‍.ഡി.എഫ് സർക്കാറും സമര സമിതിയും ആവര്‍ത്തിക്കുകയാണ്. തുറമുഖ നിർമാണത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നു. സമരം നടത്തുന്നത് തീവ്രവാദികളെന്നും തുറമുഖ നിർമാണം തടയുന്നത് രാജ്യദ്രോഹമാണെന്നടക്കമുള്ള ആരോപണങ്ങൾ സമരക്കാർക്കെതിരെ മന്ത്രിമാർ ഉന്നയിക്കുന്നു.

കഴിഞ്ഞദിവസം വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെയടക്കം ഒന്നാം പ്രതിയാക്കി 3000 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളയുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. നിരവധി പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സമരക്കാരും പറയുന്നത്.

TAGS :

Next Story