Quantcast

ശിഹാബ് ചോറ്റൂർ മക്കയിൽ നിസ്‌കരിച്ച് ഫോട്ടോഷൂട്ട് നടത്തിയോ? യാഥാർത്ഥ്യം പറഞ്ഞ് ബഷീർ ഫൈസി ദേശമംഗലം

ശിഹാബിന്റെ സ്വന്തം നാടായ വളാഞ്ചേരി കഞ്ഞിപ്പുരയിൽ നൽകിയ സ്വീകരണത്തിൽ വെച്ചായിരുന്നു വെളിപ്പെടുത്തൽ

MediaOne Logo

Web Desk

  • Published:

    16 July 2023 1:20 PM GMT

Did Shihab Chotoor perform a photo shoot while praying in Makkah? Basheer Faizi Desamangalam reveals the truth
X

മലപ്പുറം: കാൽ നടയായി ഹജ്ജ് നിർവഹിക്കാൻ ഇറങ്ങിയത് മുതൽ ശിഹാബ് ചോറ്റൂർ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. ഹജ്ജ് കഴിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയ ശേഷവും യാത്രക്കിടെ നടന്ന സംഭവങ്ങൾ ചർച്ചയാകുന്നുണ്ട്. അവയിലൊന്നാണ് അദ്ദേഹം മക്കയിലെ ഹറമിൽ വെച്ച് ഫോട്ടോഷൂട്ട് നടത്തിയെന്ന വിവാദം. ഈ വിവാദത്തിന് ശിഹാബ് മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ എസ്‌കെഎസ്എസ്എഫ് നേതാവും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം ഈ സംഭവത്തിന് പിറകിലെ കാര്യം പറഞ്ഞിരിക്കുകയാണ്. ശിഹാബിന്റെ സ്വന്തം നാടായ മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ നൽകിയ സ്വീകരണത്തിൽ വെച്ചായിരുന്നു വെളിപ്പെടുത്തൽ. മത്വാഫിൽ വെച്ച് (കഅ്ബയ്ക്ക് ചുറ്റുമുള്ള ഭാഗം) നിസ്‌കരിച്ചുകൊണ്ട് ശിഹാബ് ഫോട്ടോഷൂട്ട് നടത്തിയെന്ന ഫോട്ടോയും വീഡിയോയും പ്രചരിച്ചപ്പോൾ താൻ ശിഹാബിനെ വിളിച്ചുവെന്നും അപ്പോൾ അദ്ദേഹം കൃത്യമായ മറുപടി നൽകിയെന്നും പറഞ്ഞുകൊണ്ടാണ് ബഷീർ ഫൈസി കാര്യം വ്യക്തമാക്കിയത്.

'ചോറ്റൂരുകാരോട് പറയുകയാണ്, അദ്ദേഹം വീഡിയോക്ക് പോസ് ചെയ്തതോ, പ്രാർത്ഥിക്കാൻ വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തതോയല്ല. സൗദി മിനിസ്റ്റി അദ്ദേഹത്തെ അതിഥിയായി അംഗീകരിച്ചു, അതിന്റെ നടപടികളുടെ ഭാഗമായി സൗദി ചാനലിന് വേണ്ടി അവർ തന്നെ റെക്കോർഡ് ചെയ്തതാണ്. അത് അതിഥിയാക്കാനുള്ള നടപടിയുടെ ഭാഗമാണ്' ബഷീർ ഫൈസി പറഞ്ഞു. ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കണമെന്ന് താൻ ശിഹാബിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ റോയൽ ആർമി മത്വാഫിലിറങ്ങി ആളുകളെ മാറ്റി ചോറ്റൂരിലെ ഈ ചെറുപ്പാക്കാരനെ കഅ്ബയിൽ പിടിപ്പിച്ചുവെന്നും ആ വീഡിയോ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും അത് സംശയമായി കിടക്കുകയാണെന്നും ഇപ്പോഴെങ്കിലും തിരുത്തിയിട്ടില്ലെങ്കിൽ സംശയമായി കിടക്കുമെന്നും ഫൈസി പറഞ്ഞു.

370 ദിവസങ്ങൾ കൊണ്ടാണ് ശിഹാബ് ചോറ്റൂർ 8,600 കിലോമീറ്റർ താണ്ടി മക്കയിലെത്തിയത്. ഹജ്ജ് ചെയ്ത് മടങ്ങി വന്ന ശിഹാബ് ചോറ്റൂരിന് കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ഹജ്ജ് നിർവഹിക്കുന്നതിനായി ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്കുള്ള കാൽനട യാത്ര ആരംഭിച്ചത്. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടു. ഇന്ത്യ, പാകിസ്താൻ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. യാത്രയിൽ വിവിധ പ്രയാസങ്ങൾ നേരിട്ടു.

സ്വീകരണ പൊതുയോഗത്തിൽ പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കെ.എൻ.എ ഖാദർ, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രൻ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ പങ്കെടുത്തു.

Did Shihab Chotoor perform a photo shoot while praying in Makkah? Basheer Faizi Desamangalam reveals the truth

TAGS :

Next Story