മലയിടംതുരുത്തില്‍ ഇന്ന് ചര്‍ച്ച; മന്ത്രി റോജി എം. ജോണും സമരസമിതി ഭാരവാഹികളും താമസക്കാരും പങ്കെടുക്കും
വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി റോജി എം. ജോണ്‍

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച നടക്കും. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. സമരസമിതി ഭാരവാഹികളും ഉന്നതിയിലെ താമസക്കാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇന്നലെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും നിയമനടപടികള്‍ സ്വീകരിച്ച കണ്ണോത്ത് കുടുംബം എത്താത്തതിനെ തുടര്‍ന്ന് മാറിവെക്കുകയായിരുന്നു. അതേസമയം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ കണ്ണോത്ത് കുടുംബത്തിന് അനുകൂലമായാണ് മന്ത്രി അടക്കമുള്ളവര്‍ നിലപാടെടുക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.
ഭൂമി അളക്കാന്‍ കലക്ടര്‍ അടക്കമുള്ളവര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. പാരിയത്തുകാവിലെ ആളുകളെ പെരുവഴിയില്‍ ഇറക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാരിയത്തുകാവിലെ ജനങ്ങള്‍ക്ക് സ്വീകാര്യമായ സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തുടക്കം മുതല്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അക്കാര്യം വ്യക്തമാക്കിയതാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റോജി എം. ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജൂണ്‍ 16 വരെ കുടിയൊഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രശ്‌നപരിഹാരത്തിന് സാവകാശം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് മുന്നോടിയായി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഫോര്‍മുല പ്രകാരം, കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന എട്ട് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് ഭൂമി വീതം നല്‍കുക. വീടും വഴിയും അടക്കമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍ ഈ എട്ട് കുടുംബങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ സ്വന്തമായി ഭൂമിയുണ്ടെന്നാണ് കണ്ണോത്ത് കുടുംബത്തിന്റെ വാദം.
Adjust Story Font
16

