Quantcast

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രസർക്കാരുമായി ചർച്ച ഇന്ന്

വൈകിട്ട് നാലുമണിക്ക് കേന്ദ്ര ധനകാര്യ സെക്രട്ടറിയുമായി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നേതൃത്വത്തിൽ ഉള്ള നാലംഗ സംഘം ഡൽഹിയിലെത്തി

MediaOne Logo

Web Desk

  • Published:

    15 Feb 2024 1:01 AM GMT

KN Balagopal
X

കെ.എന്‍ ബാലഗോപാല്‍

ഡല്‍ഹി: സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച കേരളവും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്. വൈകിട്ട് നാലുമണിക്ക് കേന്ദ്ര ധനകാര്യ സെക്രട്ടറിയുമായി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നേതൃത്വത്തിൽ ഉള്ള നാലംഗ സംഘം ഡൽഹിയിലെത്തി. സുപ്രിംകോടതി നിർദ്ദേശത്തെ തുടർന്നാണ് കേരളവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചത്.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്‍റെ പരിധി വെട്ടിക്കുറച്ചതിന് ചോദ്യം ചെയ്താണ് കേരളം നേരത്തെ സുപ്രിംകോടതിയെ സമീപിച്ചത്. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാർ കമ്പനികൾ എടുക്കുന്ന കടവും സർക്കാരിന്‍റെ പൊതു കടത്തിനുള്ളിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി സംസ്ഥാനത്തെ ഞെരുക്കുന്നു എന്നായിരുന്നു കേരളത്തിന്‍റെ വാദം. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ ചർച്ച ചെയ്തു എന്തുകൊണ്ട് പരിഹാരം കണ്ടുകൂടാ എന്ന് നിർദ്ദേശം മുന്നോട്ടുവച്ചത് സുപ്രിംകോടതിയാണ്. ഇതിനു പിന്നാലെയാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന് ചർച്ചയ്ക്കായി കേരള സർക്കാർ രൂപം നൽകിയത്.

ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. വൈകിട്ട് നാലുമണിക്കാണ് ചർച്ച. ചർച്ച ലക്ഷ്യം കണ്ടാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനത്തിന് സംഭവിച്ച വരുമാന നഷ്ടം കുറയും. എന്നാൽ കേരളത്തിന് കൂടുതൽ തുക അനുവദിച്ചാൽ വരുമാന നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെതിരെ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഇത് കേന്ദ്രസർക്കാരിനെ സംബന്ധിച്ച വലിയ തിരിച്ചടിയാകും.



TAGS :

Next Story