മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ തർക്കം; പി.വി അബ്ദുൽ വഹാബ് എംപി ഇറങ്ങിപ്പോയി
പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്

പാലക്കാട്: മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ തർക്കം. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത് . കഴിഞ്ഞ സർക്കാർ പത്തുവർഷം ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ പറഞ്ഞതിനെ വി.ശിവദാസൻ എതിർത്തു. അതിനിടെ എയിംസിന് കാസർകോട് ചീമേനിയിൽ സ്ഥലം കണ്ടെത്തിയെന്ന് കെ.മുരളീധരൻ യോഗത്തെ അറിയിച്ചു.
പെരിയയിലാണല്ലോ സ്ഥലം തീരുമാനിച്ചതെന്നും ചീമേനിയിലെ സ്ഥലം ആര് നിർദേശിച്ചെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പറഞ്ഞ് പി.വി അബ്ദുൽ വഹാബ് എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ചില എംപിമാര്‍ ഓൺലൈനായിട്ടാണ് യോഗത്തിൽ പങ്കെടുത്തത്. ഓൺലൈൻ വഴിയാണ് അബ്ദുൽ വഹാബും യോഗത്തിൽ പങ്കെടുത്തത്. യോഗത്തിനിടയിൽ പലതവണ സംസാരിക്കാൻ അനുമതി ചോദിച്ച് കൈ ഉയർത്തിയിട്ടും മുഖ്യമന്ത്രി അവസരം നൽകിയില്ലെന്ന് ആരോപിച്ച് അദ്ദേഹം യോഗം ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷക്കാലം സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ആരോപിച്ചതിനെ വി. ശിവദാസൻ എംപി എതിർത്തു. കേന്ദ്ര സർക്കാരാണ് അനുമതി നൽകേണ്ടതെന്നും സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും ശിവദാസൻ വാദിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
കാസർകോട് ചീമേനിയിൽ എയിംസിനായി സ്ഥലം കണ്ടെത്തിയെന്ന് കെ. മുരളീധരൻ അറിയിച്ചപ്പോൾ, പെരിയയിലായിരുന്നല്ലോ സ്ഥലം നിശ്ചയിച്ചിരുന്നതെന്നും ചീമേനിയിലെ സ്ഥലം ആര് നിർദേശിച്ചതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി തിരിച്ചുചോദിച്ചു. അവിടുത്തെ എംഎൽഎ നിർദേശിച്ച സ്ഥലമാണെന്ന് മറുപടി ലഭിച്ചപ്പോൾ, എംഎൽഎമാർ പറയുന്ന സ്ഥലങ്ങളാണോ കേന്ദ്രത്തിന് സമർപ്പിക്കുന്നത് എന്ന് ഉണ്ണിത്താൻ ചോദ്യം ഉന്നയിച്ചു. യോഗത്തിൽ വകുപ്പ് സെക്രട്ടറിമാര്‍ക്കും സംസാരിക്കാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
എന്നാൽ യോഗത്തിന്‍റെ അവസാനം, താൻ സംസാരിക്കുമ്പോൾ പലരും അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും മുന്നിലിരിക്കുന്നവരുടെ മുഖഭാവം നോക്കിയാണ് താൻ സംസാരിക്കുന്നതെന്നും അഞ്ചാറ് തവണ സംസാരിച്ചവർ വരെ വല്ലാതെ അസ്വസ്ഥരാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

