Quantcast

രാഹുൽ മാങ്കൂട്ടത്തിലിനായി ഷാഫി പറമ്പിൽ, അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം; സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥിയെച്ചൊല്ലി എ ഗ്രൂപ്പിൽ തർക്കം

കെ.എം അഭിജിത്ത്, ജെ.എസ് അഖിൽ എന്നിവരും ഗ്രൂപ്പിൽ നിന്ന് സംസ്ഥാന അധ്യക്ഷനാവാൻ കരുനീക്കങ്ങൾ നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-05 07:11:21.0

Published:

5 Jun 2023 6:25 AM GMT

shafi parambil
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ എ വിഭാഗത്തിൽ തർക്കം. നിലവിലെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തെ പിന്തുണയ്ക്കുമ്പോൾ കെ.എം അഭിജിത്ത്, ജെ.എസ് അഖിൽ എന്നിവരും ഗ്രൂപ്പിൽ നിന്ന് സംസ്ഥാന അധ്യക്ഷനാവാൻ കരുനീക്കങ്ങൾ നടത്തുന്നുണ്ട്.

സംസ്ഥാന അധ്യക്ഷനായി മത്സരിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയപ്പോൾ ഇടം പിടിച്ചത് 23 പേരാണ്. പ്രവർത്തന മികവാണ് യോഗ്യത മാനദണ്ഡം. യൂത്ത് കോൺഗ്രസിലെ സംഘടനാ ശേഷി പരിഗണിക്കുമ്പോൾ എ ഗ്രൂപ്പിന് അധ്യക്ഷ സ്ഥാനം ഉറപ്പാണ്. പക്ഷേ ഗ്രൂപ്പിൽ സമവായം സൃഷ്ടിക്കാൻ ഇതുവരെ ഗ്രൂപ്പ് മാനേജർമാർക്കായിട്ടില്ല. ചാനൽ ചർച്ചകളിലെ തിളങ്ങുന്ന മുഖം രാഹുൽ മാങ്കൂട്ടത്തിലിനെ നിലവിലെ അധ്യക്ഷൻ ഷാഫി പറമ്പിൽ അടക്കമുള്ള ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പിലെ ഷാഫി വിരുദ്ധ വിഭാഗം. അവർ നിലവിലെ ദേശീയ കോഡിനേറ്റർ ജെ.എസ് അഖിൽ, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് എന്നീ പേരുകൾ മുന്നോട്ട് വെയ്ക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പിന്തുണ. അതിനാൽ എ ഗ്രൂപ്പിൽ നിന്ന് രാഹുൽ വിജയിച്ചാലും സതീശൻ പക്ഷത്തേക്ക് ചായാൻ സാധ്യതയുണ്ടെന്നും ഗ്രൂപ്പിലെ ഷാഫി പറമ്പിൽ വിരുദ്ധ വിഭാഗം പ്രചാരണം തുടങ്ങി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിക്കാനായി ഗ്രൂപ്പ് യോഗം പോലും ഒറ്റക്കെട്ടായി ചേരാൻ എ ഗ്രൂപ്പിന് കഴിയുന്നില്ല. എം വിൻസെന്റ് എം.എൽ.എ മുൻ കൈ എടുത്ത് വിളിച്ച തിരുവനന്തപുരം ജില്ലയിലെ ഗ്രൂപ്പ് യോഗത്തിൽ നിന്ന് ഒരു വിഭാഗം വിട്ടു നിൽക്കുകയും പ്രത്യേകം യോഗം ചേരുകയും ചെയ്തു. എ ഗ്രൂപ്പിൽ തർക്കം തുടരുമ്പോൾ മറുവശത്ത് കെ.സി വേണുഗോപാൽ പക്ഷത്ത് നിന്ന് നിലവിലെ ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. വോട്ടെടുപ്പിൽ ആദ്യ മൂന്ന് സ്ഥാനത്ത് എത്തുന്നവരിൽ നിന്ന് അഭിമുഖത്തിലൂടെയാണ് അധ്യക്ഷനെ നിശ്ചയിക്കുക. ഇതിലാണ് ബിനു ചുള്ളിയിലിന്റെ കണ്ണ്. മാത്രമല്ല എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന സ്ഥാനാർഥികളെ പോലെ സമുദായിക പരിഗണനയും ബിനു ചുള്ളിയിലിനും അനുകൂലമാണ്.

യൂത്ത് കോൺഗ്രസിൽ വലിയ സ്വാധീനമില്ലെങ്കിലും രമേശ് ചെന്നിത്തലയ്ക്കും സ്ഥാനാർഥിയുണ്ട്. അബിൻ വർക്കിയാണ് രമേശ് പിന്തുണയ്ക്കുന്ന സ്ഥാനാർഥി. ഇതിനെല്ലാം പുറമേ കൊടിക്കുന്നിൽ സുരേഷിന്റെ പിന്തുണയോടെ കൊല്ലത്ത് നിന്നുള്ള അനു താജും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്.


TAGS :

Next Story