Quantcast

കേരള കോണ്‍ഗ്രസിൽ പൊട്ടിത്തെറി; പി സി തോമസിന്‍റെ നേതൃത്വത്തില്‍ അനുനയനീക്കം

വിളളല്‍ മുതലെടുക്കാനുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് എം ഊര്‍ജിതമാക്കി

MediaOne Logo

Web Desk

  • Published:

    10 July 2021 1:46 AM GMT

കേരള കോണ്‍ഗ്രസിൽ പൊട്ടിത്തെറി; പി സി തോമസിന്‍റെ നേതൃത്വത്തില്‍ അനുനയനീക്കം
X

കേരള കോണ്‍ഗ്രസിൽ പദവികളെ ചൊല്ലിയുള്ള ത‍‍ര്‍‍ക്കം രൂക്ഷമാകുന്നു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നാല് പ്രധാന നേതാക്കളാണ് പദവിയുടെ കാര്യത്തില്‍ എതിർപ്പ് അറിയിച്ചത്. തർക്കം രൂക്ഷമായതോടെ പി സി തോമസിന്റെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം കേരള കോണ്‍ഗ്രസ് എമ്മും ഊ‍‍ര്‍ജിതമാക്കി.

പാര്‍ട്ടിയിലെ പദവികള്‍ നിശ്ചയിച്ചപ്പോള്‍ പ്രധാന നേതാക്കള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ല. ഇതാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായത്. ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാന്‍സിസ് ജോ‍ര്‍ജ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോണി നെല്ലൂ‍ര്‍, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. 9 നേതാക്കള്‍ അടങ്ങുന്ന കമ്മിറ്റിയാണ് നേരത്തെ പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ ഈ സമിതിക്ക് ഒരു പ്രാധാന്യവും ഇപ്പോള്‍ ഇല്ല. പി ജെ ജോസഫ് അടക്കം മൂന്ന് പേര്‍ മാത്രമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. എന്നാല്‍ എതിര്‍പ്പ് അറിയിക്കാന്‍ അവകാശമുണ്ടെന്ന് പറയുമ്പോഴും പാ‍ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍.

പ്രശ്നം പരിഹരിക്കാനുള്ള നീക്കം പി സി തോമസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതേസമയം വിളളല്‍ മുതലെടുക്കാനുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് എം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭരണഘടന എഴുതിയത് പോലും കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് ആക്ഷേപം ഉണ്ട്. എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ചീഫ് കോഡിനേറ്റ‍ര്‍, സെക്രട്ടറി ജനറല്‍ എന്നിവര്‍ക്ക് അമിത പ്രധാന്യം നല്‍കുന്നതും ഈ നേതാക്കള്‍ ചോദ്യംചെയ്യുന്നു.

TAGS :

Next Story