ഡോ.വന്ദനയുടെ കൊലപാതകം: ഡോക്ടർമാരുടെ പ്രതിഷേധം ആളിക്കത്തുന്നു; ആരോഗ്യ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് എം.ബി.ബി.എസ് വിദ്യാർഥികളുടെ മാർച്ച്
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ ആളിക്കത്തി ഡോക്ടർമാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗത്തെ ഒഴിവാക്കി വിവിധ ജില്ലകളിൽ ഡോക്ടർമാരുടെ സമരം തുടരുകയാണ്. ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എം.ബി.ബി.എസ് വിദ്യാർഥികൾ മാർച്ച് നടത്തി.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ ഹൗസ് സർജൻ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം ഉയരുന്നത്. എല്ലാ ആശുപത്രികളിലും പ്രവർത്തിക്കുന്നത് അവശ്യ സർവീസുകൾ മാത്രമാണ്.
ഐ.എം.എ , കെ.ജി.എം.ഒ.എ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി . ആരോഗ്യ പ്രവർത്തകർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
Adjust Story Font
16




