Quantcast

ഡോ. വന്ദനയുടെ കൊലപാതകം: പ്രതി ജി. സന്ദീപിന് സസ്‌പെൻഷൻ

വകുപ്പ്തല അന്വേഷണം നടത്തിയ ശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

MediaOne Logo

Web Desk

  • Updated:

    2023-05-10 11:13:06.0

Published:

10 May 2023 10:51 AM GMT

doctor was stabbed, attacka against doctor, murder, kollam doctor murder, latest malayalam news
X

കൊല്ലം: ഡോക്ടർ വന്ദനയെ കുത്തിക്കൊന്ന പ്രതി ജി. സന്ദീപിന് സസ്‌പെൻഷൻ. നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. വകുപ്പ്തല അന്വേഷണം നടത്തിയ ശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്ടർ വന്ദനയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്നും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് സന്ദീപിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് ജി. സന്ദീപിന് സസ്‌പെൻഷൻ. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിലേക്കടക്കം വിദ്യാഭ്യാസ വകുപ്പ് കടന്നേക്കും. ലഹരി ഉപയോഗവും മറ്റു ചില പ്രശ്‌നങ്ങൾ കാരണവും സന്ദീപ് നേരത്തെ സസ്‌പെൻഷനിലായിരുന്നുവെന്നാണ് സൂചന.

അതേസമയം ഡോക്ടർ വന്ദനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വന്ദന പഠിച്ച കൊല്ലം അസീസിയ കോളേജിലേക്ക് കൊണ്ടുപോയി. പൊതുപ്രവർത്തകരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്.മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വന്ദനയുടെ കോളേജിലേക്ക് പുറപ്പെട്ടു.

മറ്റു സുഹൃത്തുക്കളും ആരോഗ്യപ്രവർത്തകരും അസീസിയ കോളേജിലേക്ക് എത്തുമെന്നാണ് വിവരം. മൃതദേഹം കൊണ്ടുപോകുന്നതിൽ അടക്കം കാലതാമസം ഉണ്ടാകുമെന്ന് കരുതി തിരുവനന്തപുരത്ത് വളരെ വേഗത്തിലാണ് പൊതുദർശനം പൂർത്തിയാക്കിയത്. നിരവധി ആളുകളാണ് വന്ദനയെ ഒരുനോക്കു കാണാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുന്നിൽ തടിച്ചുകൂടിയത്. കൊല്ലത്തെ പൊതുദർശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും.

അതേസമയം കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പരാമർശം ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. 'ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്''-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.


TAGS :

Next Story