പാലക്കാട് അട്ടപ്പാടിയിൽ തണ്ടപ്പേര് മാറി നൽകുന്നത് വ്യാപകം
തണ്ടപ്പേര് കിട്ടുന്നില്ലെന്ന് ആരോപിച്ച് അട്ടപ്പാടി സ്വദേശി കൃഷ്ണസ്വാമി ഇന്നലെ ജീവനൊടുക്കിയിരുന്നു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ തണ്ടപ്പേര് മാറി നൽകുന്നത് വ്യാപകം. യൂണിക്ക് തണ്ടപ്പേരും അക്കൗണ്ട് നമ്പറും ഉണ്ടായിട്ടും അശാസ്ത്രീയ നടപടി തുടരുകയാണ്. ഒന്നരവർഷം മുമ്പ് മാത്രമാണ് അട്ടപ്പാടിയിൽ തണ്ടപ്പേര് സംവിധാനം നിലവിൽ വന്നത്. തണ്ടപ്പേര് കിട്ടുന്നില്ലെന്ന് ആരോപിച്ച് അട്ടപ്പാടി സ്വദേശി കൃഷ്ണസ്വാമി ഇന്നലെ ജീവനൊടുക്കിയിരുന്നു.
തണ്ടപ്പേര് സംവിധാനത്തിൽ ഒരു യുണീക്ക് നമ്പരാണ് ആളുകൾക്ക് ലഭിക്കുക. ഒരു ബാങ്ക് അക്കൗണ്ട് എടുക്കുന്ന അതേ രൂപത്തിലാണ് ഒരു തണ്ടപ്പേര് അക്കൗണ്ടും നമ്പറും എടുക്കേണ്ടത്. എന്നാൽ ഇതൊന്നും പാലക്കാട് അട്ടപ്പാടിയിൽ ബാധകമല്ല എന്ന രീതിയിലുള്ള നീക്കങ്ങളാണ് അവിടെ നടക്കുന്നത്. ഒന്നര വർഷം മുമ്പ് മാത്രം അട്ടപ്പാടിയിൽ തണ്ടപ്പേര് നിലവിൽ വന്നതുകൊണ്ട് തന്നെ ആളുകൾ വ്യാജമായി മറ്റ് ആളുകളുടെ പേരിൽ തണ്ടപ്പേര് എടുക്കുന്ന രീതി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒരു ഇര മാത്രമാണ് ഇന്നലെ ജീവനൊടുക്കിയ കൃഷ്ണസ്വാമി.
ഭൂമി വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അത്യാവശ്യമായ ഒരു രേഖയാണ് തണ്ടപ്പേര്. ആധാരത്തിൽ ഉള്ളതിനേക്കാൾ വിവരങ്ങൾ തണ്ടപ്പേരിൽ ഉണ്ടാവുന്നതിനാൽ ബാങ്കുകളിൽ വായ്പക്ക് അപേക്ഷിക്കുമ്പോൾ തണ്ടപ്പേര് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങുന്ന രേഖയാണ് തണ്ടപ്പേര്. ഇത്തരത്തിൽ പ്രധനയുമുള്ള രേഖയാണ് ഒരാളുടെ പേരിലുള്ളത് മറ്റൊരാൾക്ക് പതിച്ചു നൽകിയത്. അശാസ്ത്രീയമായ സംവിധാനത്തിലൂടെയാണ് ഇത് മുന്നോട്ടുപോകുന്നത് എന്നതാണ് ഇതിന്റെ പ്രധാന കാരണം.
Adjust Story Font
16

