Quantcast

'പൂട്ടിടാൻ ശ്രമിക്കേണ്ട, സ്ഥാനം ജനഹൃദയങ്ങളിലാണ്'; പരസ്യവുമായി മാധ്യമം

ഗൾഫ് മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രിയായ കെ.ടി ജലീൽ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    23 July 2022 6:54 AM GMT

പൂട്ടിടാൻ ശ്രമിക്കേണ്ട, സ്ഥാനം ജനഹൃദയങ്ങളിലാണ്; പരസ്യവുമായി മാധ്യമം
X

കോഴിക്കോട്: മാധ്യമം പത്രം ഗൾഫിൽ നിരോധിക്കാൻ ഇടപെടലുണ്ടായെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പരോക്ഷ മറുപടിയുമായി മാധ്യമത്തിന്റെ പരസ്യം. 'മാധ്യമത്തിന്റെ താക്കോൽ ജനങ്ങളുടെ കൈകളിലാണ്' എന്ന തലക്കെട്ടിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'സത്യത്തിന് പൂട്ടിടാൻ ആരും ശ്രമിക്കേണ്ട. അതിന്റെ സ്ഥാനം ജനഹൃദയങ്ങളിലാണ്' എന്നും പരസ്യത്തിൽ പറയുന്നു.



ഗൾഫ് മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രിയായ കെ.ടി ജലീൽ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി വാർത്താസമ്മേളനം വിളിച്ച ജലീൽ കത്തയച്ചതായി സമ്മതിച്ചിരുന്നു. കോവിഡ് കാലത്ത് ഗൾഫിൽ മരിച്ചവരുടെ ഫോട്ടോവെച്ച് മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ കോൺസുൽ ജനറലിന്റെ പി.എക്കാണ് കത്തയച്ചത് എന്നായിരുന്നു ജലീലിന്റെ വിശദീകരണം. ഒരു മന്ത്രി വിദേശരാജ്യത്തിന്റെ പ്രതിനിധിക്ക് നേരിട്ട് കത്തയക്കുന്നത് പ്രോട്ടോക്കോൾ ലംഘനമല്ലേ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ ലംഘിച്ചാൽ തൂക്കിക്കൊല്ലുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതിനിടെ ജലീൽ പറഞ്ഞത് കളവാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. മാധ്യമത്തിനെതിരായ കത്ത് യുഎഇ കോൺസുൽ ജനറലിന്റെ പി.എക്കാണ് നൽകിയതെന്ന ജലീലിന്റെ വാദം തെറ്റാണെന്ന് സ്വപ്‌ന പറഞ്ഞു. കത്ത് നൽകിയ സമയത്ത് താൻ കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്‌പേസ് പാർക്കിലായിരുന്നു ജോലിയെന്നും അവർ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് ജലീൽ കത്ത് തന്നതെന്നും സ്വപ്‌ന പറഞ്ഞു.

2019 സെപ്തംബറിലാണ് യുഎഇ കോൺസുലേറ്റിലെ ജോലി താൻ അവസാനിപ്പിച്ചതെന്നും എന്നാൽ മാധ്യമത്തിനെതിരായ കത്ത് കെ.ടി ജലീൽ 2020 ജൂൺ 25നാണ് നൽകിയതെന്നും അവർ വ്യക്തമാക്കി. കത്ത് കൈമാറിയതിനെ കുറിച്ച് ജലീൽ പറയുന്നതെല്ലാം കള്ളമാണെന്നും സ്വപ്‌ന പറഞ്ഞു.

TAGS :

Next Story