'കേരളത്തിലെ മനുഷ്യർ ഓർത്തിരിക്കുന്ന ഒരു സിനിമയും അടൂരിന്‍റേതായി ഇല്ല, പട്ടികജാതിക്കാരെ സിനിമ പഠിപ്പിക്കാൻ അയാൾ പദ്ധതികളൊന്നും തയ്യാറാക്കേണ്ടതുമില്ല': ഡോ എ.കെ വാസു
കോവിലക കലയായ കഥകളിയുടെ തുടർച്ചയാണ് സിനിമയെന്ന് തെറ്റിദ്ധരിച്ചു പോയ അടൂരിനെ സിനിമ എന്താണെന്ന് പഠിപ്പിക്കാൻ കേരളത്തിലെ സിനിമാപ്രവർത്തകർ തയ്യാറാവേണ്ടതുണ്ട്

തിരുവനന്തപുരം: ചലച്ചിത്ര നയ രൂപീകരണത്തിനായി സംസ്ഥാന സർക്കാർ നടത്തിയ സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. പട്ടികജാതിക്കാരിയായ പി.കെ റോസിയും ജെ .സി ഡാനിയൽ എന്ന പിന്നാക്കക്കാരനും സിനിമ എന്താണെന്ന് പഠിക്കുകയും അത് നിർമ്മിച്ചു കാണിക്കുകയും ചെയ്തതിനുശേഷം മാത്രമാണ് കേരളത്തിൽ അടൂർ ഗോപാലകൃഷ്ണന്‍റെ ജാതിക്കാർ സിനിമയിലെത്തിയതെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ. എ.കെ വാസു.
സിനിമാ മേഖലയിൽ ലിംഗസമത്വം ഉറപ്പാക്കുമെന്ന നിലപാടോടെ സർക്കാർ മുന്നോട്ടു പോകുന്നതിനിടയാണ് സ്ത്രീകൾ ആണെന്നുള്ളതുകൊണ്ട് മാത്രം സിനിമ എടുക്കുന്നതിന് പണം കൊടുക്കരുതെന്ന് സംവിധായകൻ അടൂർ ആവശ്യപ്പെട്ടത്.വിതയ്ക്കുമ്പോൾ ഒഴിഞ്ഞു നിൽക്കുകയും കൊയ്യുമ്പോൾ ഓടിക്കൂടുകയും ചെയ്യുന്നത് സവർണതയുടെ നിരന്തര ഇടപാടാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പട്ടികജാതിക്കാരിയായ പി.കെ റോസിയും ജെ .സി ഡാനിയൽ എന്ന പിന്നാക്കക്കാരനും സിനിമ എന്താണെന്ന് പഠിക്കുകയും അത് നിർമ്മിച്ചു കാണിക്കുകയും ചെയ്തതിനുശേഷം മാത്രമാണ് കേരളത്തിൽ അടൂർ ഗോപാലകൃഷ്ണന്‍റെ ജാതിക്കാർ സിനിമയിലെത്തിയത് . സത്യൻ പ്രേംനസീർ എന്നീ പിന്നാക്കക്കാരും മലയാളസിനിമയെ വളർത്തിയെടുത്ത കാലത്തും സവർണതയ്ക്ക് അതിൽ കാര്യമായ പങ്കില്ലായിരുന്നു.
വിതയ്ക്കുമ്പോൾ ഒഴിഞ്ഞു നിൽക്കുകയും കൊയ്യുമ്പോൾ ഓടിക്കൂടുകയും ചെയ്യുന്നത് സവർണതയുടെ നിരന്തര ഇടപാടാണ്. ഇത് എല്ലാവർക്കും അറിയാവുന്ന സാംസ്കാരിക ചരിത്രമാണ്. അടൂർ ഗോപാലകൃഷ്ണന് സിനിമാ സംഘടനകളും സിനിമ പ്രവർത്തകരും ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നത് നല്ലതായിരിക്കും.
നായർ തറവാടുകളുടെ പിന്നാമ്പുറത്ത് വച്ച ഒളിക്യാമറയിൽ കുടുങ്ങിയ ചെറിയ ലോകത്തെ മഹത്തരമെന്ന് വാഴ്ത്തിപ്പാടിയ അന്തപ്പുരനിരൂപകരുടെ വീൺവാക്കുകളാൽ പൊങ്ങിപ്പോയതാണ് അടൂർ ഗോപാലകൃഷ്ണൻ. അവാർഡുകളുടെ തട്ടിലേറ്റങ്ങൾകൊണ്ടും സിനിമയെ അറിയാത്ത നിരൂപകരുടെ നികത്തുമൊഴികൾ കൊണ്ടും നില വിട്ടുപോയ സിനിമാക്കാരനാണ് അടൂർ ഗോപാലകൃഷ്ണൻ.
കേരളത്തിലെ മനുഷ്യർ ഓർത്തിരിക്കുന്ന കാര്യമായ ഒരു സിനിമയും അടൂരിന്‍റേതായി നിലവിലില്ല. പട്ടികജാതിക്കാരെ സിനിമ പഠിപ്പിക്കാൻ അയാൾ പദ്ധതികളൊന്നും തയ്യാറാക്കേണ്ടതുമില്ല. കോവിലക കലയായ കഥകളിയുടെ തുടർച്ചയാണ് സിനിമയെന്ന് തെറ്റിദ്ധരിച്ചു പോയ അടൂരിനെ സിനിമ എന്താണെന്ന് പഠിപ്പിക്കാൻ കേരളത്തിലെ സിനിമാപ്രവർത്തകർ തയ്യാറാവേണ്ടതുണ്ട്. അതുകഴിഞ്ഞു മതി പട്ടികജാതിക്കാരെ അയാളുടെ പ്രേരണയാൽ സിനിമ പഠിപ്പിക്കൽ. കേരളം എന്ന ഠാ,വട്ടത്തിന്റെ തറവാട്ടുമുറ്റത്തിരുന്ന് തഴമ്പുകൾ തടവുന്നവർക്ക് അടൂർ ഗോപാലകൃഷ്ണൻ വലിയ കക്ഷിയായിരിക്കാം, അവർ അവരുടെ ചെറുമുറത്തിൽ പതിരു ചിറ്റിച്ചോട്ടെ.
അടൂർ ഗോപാലകൃഷ്ണൻ അല്ല പട്ടികജാതിക്കാരനായ ഡോ. ബിജുവാണ് (ബിജുകുമാര്‍ ദാമോദരൻ) ഇന്ന് കേരളം വിട്ടു പുറത്തറിയുന്ന സുപ്രധാന ചലച്ചിത്രകാരൻ. ഒരു തുണ്ട് ഭൂമിയിലെ "നാട്ടാളസംതൃപ്തിയിൽ " അഭിരമിക്കുന്ന ചിലർക്കത് പറഞ്ഞാൽ മനസ്സിലാവില്ല. ഒരു സാമൂഹിക വിഭാഗത്തെ ശിശുക്കളായി മാത്രം പരിഗണിക്കുന്നു എന്നതിലാണ് അയാളുടെ ജാതീയത ഏറ്റവും പ്രത്യക്ഷമായി പുറത്തുവരുന്നത്. സവർണ തറവാടുകളിൽ നിന്നും സിനിമകാണാൻ പോകുന്ന ആളുകൾ എത്രയോ കുറവാണ്. സിനിമകൾ വിജയിക്കുന്നത് ദളിതരടക്കമുള്ള ബഹുജനങ്ങളുടെ നവമായ സാംസ്കാരികബോധവും കാഴ്ച്ചാസംസ്കാരവും കൊണ്ടാണ് .
ഏറ്റവും അത്യാധുനികമായ ടെക്നോളജികൾ ഉപയോഗിക്കുമ്പോൾ തന്നെ ഏറ്റവും പഴഞ്ചൻ ബോധം കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് മിക്കവാറും മലയാള സിനിമയിലുള്ളത്. അവരുടെ കയ്യിലെ കെട്ടും ഏലസ്സും പൂജാവിധികളും ജാതകംനോക്കലുമൊക്കെ ശ്രദ്ധിച്ചാൽ ആർക്കും ഇക്കാര്യം വ്യക്തമാണ്. അത്തരം പഴഞ്ചൻ ബോധത്തിന്‍റെ അപ്പസ്തോലനാണ് അടൂർ ഗോപാലകൃഷ്ണൻ. അയാളുടെ വാക്കുകളെ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഈ വിഷയത്തിൽ തൽസമയം കൃത്യമായ മറുപടികൾ നൽകിയ ബഹു. മന്ത്രി സജി ചെറിയാനെയും ഗായിക പുഷ്പവതിയെയും പുഷ്പവതി പൊയ്പ്പാടത്തിനെയും അഭിനന്ദിക്കുന്നു.
Adjust Story Font
16

