Quantcast

'കേവല രാഷ്ട്രീയത്തിലെ അവസരമോഹികളായ സ്തുതിപാഠകരായി കലാകാരൻമാർ മാറുന്നു'; വിമർശനവുമായി സംവിധായകൻ ഡോ. ബിജു

''പണ്ടു കാലത്ത് രാജാക്കന്മാരെ വാഴ്ത്തി സ്തുതിച്ചു പട്ടും വളയും വാങ്ങിച്ചിരുന്ന കലാകാരന്മാരുടെ വർഗ്ഗം ഇന്ന് അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്തുതി പാടി വിവിധ അക്കാദമി അംഗത്വങ്ങളും പുരസ്‌കാരങ്ങളും വേദികളും വാങ്ങുന്നു''

MediaOne Logo

Web Desk

  • Published:

    9 Jun 2025 9:36 PM IST

Dr Biju fb post
X

കോഴിക്കോട്: സ്വതന്ത്ര ചിന്ത അടിയറവ് വെച്ച് അധികാരത്തിന് ഓശാന പാടുന്ന കലാകാരൻമാർക്കെതിരെ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. തങ്ങൾക്ക് ഇപ്പോഴും ഭാവിയിലും കിട്ടാവുന്ന സ്ഥാനമാനങ്ങൾ , പുരസ്‌കാരങ്ങൾ , അവസരങ്ങൾ , വേദികൾ , പ്രമാണിത്വം , ആനുകൂല്യങ്ങൾ എന്നിവ ഒക്കെ ലാക്കാക്കി അധികാരത്തോട് ചേർന്ന് നിൽക്കുവാനും വാഴ്ത്തു പാട്ട് പാടി പുകഴ്ത്താനും അടിയൻ മുൻപേ എന്ന മട്ടിൽ നിൽക്കുന്ന വിധേയന്മാരായ ധാരാളം കലാകാരന്മാരെ കൊണ്ട് നിറഞ്ഞതാണ് ഈ ലോകം . ചരിത്രത്തിൽ അത്തരത്തിൽ ധാരാളം വിനീത വിധേയ കലാകാരന്മാരെ നമുക്ക് കാണാം...

പണ്ടു കാലത്ത് രാജാക്കന്മാരെ വാഴ്ത്തി സ്തുതിച്ചു പട്ടും വളയും വാങ്ങിച്ചിരുന്ന കലാകാരന്മാരുടെ വർഗ്ഗം ഇന്ന് അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്തുതി പാടി വിവിധ അക്കാദമി അംഗത്വങ്ങളും പുരസ്‌കാരങ്ങളും വേദികളും വാങ്ങുന്നു എന്ന് മാത്രം . സമകാലിക ഇന്ത്യയിലും കേരളത്തിലും അത്തരത്തിൽ അധികാര വാഴ്ത്തു പാട്ടുകാരായ കലാകാര കുപ്പായക്കാരുടെ എണ്ണം ക്രമാതീതമാണെന്നും ബിജു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്വതന്ത്ര ചിന്ത അടിയറവ് വെച്ച് അധികാരത്തിനു ഓശാന പാടുന്ന കലാകാരന്മാർ ലോകത്തെമ്പാടും ഉണ്ട് . തങ്ങൾക്ക് ഇപ്പോഴും ഭാവിയിലും കിട്ടാവുന്ന സ്ഥാനമാനങ്ങൾ , പുരസ്കാരങ്ങൾ , അവസരങ്ങൾ , വേദികൾ , പ്രമാണിത്വം , ആനുകൂല്യങ്ങൾ എന്നിവ ഒക്കെ ലാക്കാക്കി അധികാരത്തോട് ചേർന്ന് നിൽക്കുവാനും വാഴ്ത്തു പാട്ട് പാടി പുകഴ്ത്താനും അടിയൻ മുൻപേ എന്ന മട്ടിൽ നിൽക്കുന്ന വിധേയന്മാരായ ധാരാളം കലാകാരന്മാരെ കൊണ്ട് നിറഞ്ഞതാണ് ഈ ലോകം . ചരിത്രത്തിൽ അത്തരത്തിൽ ധാരാളം വിനീത വിധേയ കലാകാരന്മാരെ നമുക്ക് കാണാം

പണ്ടു കാലത്ത് രാജാക്കന്മാരെ വാഴ്ത്തി സ്തുതിച്ചു പട്ടും വളയും വാങ്ങിച്ചിരുന്ന കലാകാരന്മാരുടെ വർഗ്ഗം ഇന്ന് അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്തുതി പാടി വിവിധ അക്കാദമി അംഗത്വങ്ങളും പുരസ്കാരങ്ങളും വേദികളും വാങ്ങുന്നു എന്ന് മാത്രം . സമകാലിക ഇന്ത്യയിലും കേരളത്തിലും അത്തരത്തിൽ അധികാര വാഴ്ത്തു പാട്ടുകാരായ കലാകാര കുപ്പായക്കാരുടെ എണ്ണം ക്രമാതീതമാണ് . ജനങ്ങൾക്കൊപ്പം , സാധാരണ മനുഷ്യർക്കൊപ്പം നിൽക്കുന്ന , കക്ഷി രാഷ്ട്രീയത്തിനും അധികാര കേന്ദ്രങ്ങൾക്കും അതീതമായി മാനവികതയ്ക്ക് വേണ്ടി കലയെ ഉപയോഗിക്കുന്ന കലാകാരന്മാരുടെ എണ്ണം വളരെ വളരെ വിരളമാകുന്നു എന്നതാണ് നമ്മുടെ സമൂഹത്തെ കൂടുതൽ മൂല്യ ശോഷണത്തിലേക്ക് നയിക്കുന്നത് .

രാഷ്ട്രീയത്തെയും സമൂഹത്തെയും കലയെയും മെച്ചപ്പെടുത്തേണ്ട കറക്ടീവ് ഫോഴ്സ് ആയി നിലനിൽക്കേണ്ടവർ ആണ് കലാകാരന്മാർ എന്ന ധാരണ പലർക്കും ഇല്ലാതായി . കേവല രാഷ്ട്രീയത്തിലെ അവസര മോഹികളായ സ്തുതി പാഠകർ ആയി മാറി കലാകാരന്മാർ . അതിനു വേണ്ടി തങ്ങളുടെ കലാ മാധ്യമത്തെ ഏത് തരത്തിലും ഉപയോഗപ്പെടുത്താൻ അവർ തയ്യാറായി . സാംസ്കാരിക നായകർ എന്ന വാക്കിന്റെ അർത്ഥം അധികാരത്തിന്റെ വാഴ്ത്തു പാട്ടുകാർ എന്നായി മാറി .

കലയുടെയും സംസ്കാരത്തിന്റെയും പിന്നോട്ട് നടക്കൽ നടപ്പു ശീലമായി മാറി .. കലയെ സ്വതന്ത്ര ചിന്തകളിൽ നിന്നും അടർത്തി മാറ്റി കക്ഷി രാഷ്ട്രീയത്തിന്റെ തൊഴുത്തിൽ കൊണ്ടുചെന്നു കെട്ടി. എത് കക്ഷികൾ നാട് ഭരിച്ചാലും ഏത് രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചാലും , കേവല കക്ഷി രാഷ്ട്രീയത്തിന്റെ യും അധികാര കേന്ദ്രങ്ങളുടെയും കുഴലൂത്തുകാർ ആകാതെ വ്യക്തിത്വത്തോടെ ജനങ്ങളുടെ പക്ഷം ചേർന്ന് കലാപ്രവർത്തനം നടത്തുന്ന ആർജ്ജവമുള്ള കലാകാരന്മാർ കൂടുതലായി ഉണ്ടായാൽ മാത്രമേ ഒരു ജനതയുടെ സാംസ്കാരിക പരിസരവും കലാപാരമ്പര്യവും ഏറ്റവും നിഷ്പക്ഷവും ജനകീയവും സ്വതന്ത്രവും ഉന്നതവും ആയി മാറുകയുള്ളൂ . ദൗർഭാഗ്യവശാൽ നമ്മൾ ഇപ്പോൾ നടന്നു പോകുന്നത് അതിനു നേരെ എതിരെ ആണ്...

TAGS :

Next Story