'അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ തൃപ്തി, എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണം'; ഡോ. ഹാരിസ്
'അഡ്മിനിസ്‌ട്രേഷന്റെ ബാലപാഠം പോലും അറിയാത്തവരെയാണ് സൂപ്രണ്ടായും പ്രിൻസിപ്പലായും നിയോഗിക്കുന്നത്'

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരായ ആരോപണത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചതിൽ തൃപ്തിയെന്ന് ഡോ.ഹാരിസ് ചിറക്കല്‍. അന്വേഷണസംഘം എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്ട്രേഷന്റെ ബാലപാഠം എന്താണെന്ന് പോലും അറിയാത്ത ആളുകളെയാണ് സൂപ്രണ്ടായും പ്രിൻസിപ്പലായും നിയോഗിക്കുന്നതെന്നും ഡോ.ഹാരിസ് പറഞ്ഞു.
'പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് തന്നോട് പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിച്ച് പരിഹരിക്കാമെന്ന് വിദഗ്ധസമിതി ഉറപ്പുനൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെയും പ്രിൻസിപ്പലിനെതിരെയും അന്വേഷണം നടത്തണമെന്ന് ആഗ്രഹം തനിക്കില്ല. അവരും സിസ്റ്റത്തിന്റെ ഭാഗമാണ്.മാറ്റിവെച്ച ശസ്ത്രക്രിയ രോഗികൾ വാർഡിൽ കാത്തിരിക്കുകയാണ്'.ഉപകരണങ്ങൾ ഇന്ന് എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം മേധാവിയും കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ടും യൂറോളജി വിഭാഗം മേധാവിയുമാണ് സമിതി അംഗങ്ങൾ.
ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി നൽകാത്തതിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ടിനും പ്രിൻസിപ്പലിനും വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് ജില്ലയ്ക്ക് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരെ അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തിയത്. ഡോ. ഹാരിസിന്റെ പരസ്യ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിന് അതൃപ്തി ഉണ്ടെങ്കിലും ഡോക്ടർക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
Adjust Story Font
16

