വിയെന്നയിലെ അന്താരാഷ്ട്ര കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക പാനൂർ സ്വദേശി ഡോ. മഷൂദ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ അധ്യാപന-പഠന പ്രക്രിയയിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും അവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കോൺഫറൻസിലാണ് ഡോ.മഷൂദ് ഇന്ത്യയെ പ്രതിനിധീകരിക്കുക

മുംബൈ: ഇന്ത്യയും ഓസ്ട്രിയയും സംയുക്തമായി നടത്തുന്ന ശാസ്ത്ര വിദ്യാഭ്യാസ വിവര വിനിമയ പദ്ധതിയുടെ ഭാഗമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസെർച്ചിന്റെ ഹോമി ഭാഭാ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. കെ. മഷൂദ് ഓസ്ട്രിയൻ തലസ്ഥാനമായ വിയെന്നയിലേക്ക്. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് വിയെന്നായിൽ സീനിയർ റിസർച്ച് ഫെല്ലോ കൂടിയാണ് അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേർണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ അധ്യാപന-പഠന പ്രക്രിയയിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും, അവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടത്തും. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന ടീച്ചർ ട്രെയിനിംഗ് ഇൻ മാത്തമാറ്റിക്കൽ മോഡൽ ബിൽഡിംഗ് (`Teacher Training in Mathematical Model Building’ ) എന്ന രണ്ടു വർഷത്തെ പ്രോജക്ടിന്റെ ഇന്ത്യയിൽ നിന്നുള്ള പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്ററാണ് ഡോ. മഷൂദ്.
ഇന്ത്യൻ ആണവോർജ്ജ വകുപ്പിന്റെ കീഴിലുള്ള ഈ അഞ്ചു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയായ 'ഡെറിവേഷൻ ടു മെഷീൻ ലേർണിംഗിന്റെ നേതൃത്വവും മഷൂദിനാണ്. 2.5 കോടി രൂപ ചെലവ് വരുന്ന ഈ അധ്യാപക പരിശീലന പദ്ധതിയുടെ പ്രാരംഭ പരീക്ഷണങ്ങൾ 2021-24 കാലഘട്ടത്തിൽ കേരളത്തിലാണ് നടന്നത്. യൂറോപ്പ് സന്ദർശനത്തിനിടെ ജൂലൈ 6 മുതൽ 10 വരെ ഗ്രീസിൽ നടക്കുന്ന ബ്രിഡ്ജിംഗ് ഫിസിക്സ് എജ്യുക്കേഷൻ ആൻഡ് സൊസൈറ്റി ഇൻ ദ ഡിജിറ്റൽ എറ (Bridging Physics Education and Society in the Digital Era’) എന്ന അന്താരാഷ്ട്ര കോൺഫെറെൻസിലും ഡോ. മഷൂദ് പങ്കെടുക്കും. നിർമിത ബുദ്ധിയുടെ വരവോടെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളാണ് ഇവിടെ പ്രധാനമായും ചർച്ച ചെയ്യപ്പെടുക.
കൂടാതെ, 2028-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വേൾഡ് കോൺഫറൻസ് ഇൻ ഫിസിക്സ് എഡ്യൂക്കേഷന്റെ (WCPE) പ്രാരംഭ ചർച്ചകളിലും മഷൂദ് ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിക്കും. പാനൂർ പാറോട് സ്വദേശിയായ പ്രൊഫ.കെ.കെ മഹമ്മൂദിന്റെ മകനാണ് ഡോ.മഷൂദ്.
Adjust Story Font
16

