ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും
കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും

തൃശൂർ: കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും. കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തൃശൂരുക്കാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
നാളെ രാവിലെയാണ് തൃശൂർ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലുതവണ വീതം വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരൻ എന്നിവരെ മാറ്റിനിർത്തിയാണ് പ്രമുഖ ഗൈനോക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിനെ മേയറായി പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് പരാതിയുണ്ടാകുന്നത് കണക്കിലെടുത്ത് ടേം വ്യവസ്ഥയിൽ മേയറായി നിശ്ചയിക്കാനായിരിക്കും തീരുമാനം.
മേയറെ തെരഞ്ഞെടുക്കാനുള്ള കൗൺസിലർമാരുടെ യോഗത്തിൽ ലാലി ജെയിംസ്, സുബി ബാബു എന്നിവർക്ക് വേണ്ടി അഭിപ്രായ രൂപീകരണം നടന്നെങ്കിലും കെ.സി വേണുഗോപാൽ ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരം നിജി ജസ്റ്റിനെ മേയറായി തീരുമാനിക്കുകകായായിരുന്നു.
അതേസമയം, സുരേഷ് ഗോപിയെ വിമർശിച്ച് ജോസഫ് ടാജറ്റ്. വീട്ടിൽ ലൈറ്റ് ഇട്ടതുകൊണ്ട് മതമൈത്രി ആകില്ലെന്നും സുരേഷ് ഗോപിയുടെ ഹൃദയത്തിലാണ് വെളിച്ചം വരേണ്ടതെന്നും ടാജറ്റ് പറഞ്ഞു. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം എല്ലാവരും കാണുന്നതാണ്. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചികിത്സിച്ച് നേരെയാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

