'രാജ്യം കടന്നുപോകുന്നത് അപകടാവസ്ഥയിൽ. പിഎം ശ്രീയിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; ഡി.രാജ
എം.എ.ബേബിക്ക് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിനു മുൻപ് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നിങ്ങൾക്ക് വ്യാഖ്യാനിക്കാമല്ലോ എന്നായിരുന്നു രാജയുടെ മറുപടി

ഡി.രാജ Photo: MediaOne
ന്യൂഡൽഹി: പിഎം ശ്രീയിൽ ധാരണാപത്രം റദ്ദാക്കണമെന്ന് ആവർത്തിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. വിഷയത്തിൽ സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് എം.എ ബേബിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും രാജ പറഞ്ഞു. അതൃപ്തിയുടെയോ തൃപ്തിയുടെയോ വിഷയമല്ല പിഎം ശ്രീയെന്നും അപകടകരമായ രീതിയിൽ മുന്നോട്ടുപോകുന്ന രാജ്യം നേരിടുന്ന പ്രശ്നങ്ങളെയാണ് സിപിഐ ഗൗരവത്തിൽ കാണുന്നതെന്നും രാജ വ്യക്തമാക്കി.
എം.എ.ബേബിക്ക് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിനു മുൻപ് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നിങ്ങൾക്ക് വ്യാഖ്യാനിക്കാമല്ലോ എന്നായിരുന്നു രാജയുടെ മറുപടി. പദ്ധതിയെ കുറിച്ചുള്ള സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തൃപ്തിയുടെയോ അതൃപ്തിയുടെയോ വിഷയമല്ല. ഇത് രാഷ്ട്രീയമാണ്. ബിജെപി സർക്കാർ അവരുടെ വർഗീയ അജണ്ടകൾ രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെഡറൽ സംവിധാനങ്ങൾ ഭീഷണി നേരിടുന്ന സമയമാണിത്. സിപിഐ ഇത്തരത്തിലുള്ള അതിഗൗരവമായ വിഷയങ്ങളെയാണ് പ്രാധാന്യത്തോടെ നോക്കിക്കാണുന്നതെന്നും ഡി.രാജ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഡി.രാജയുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിരുന്നുവെന്നാണ് എം.എ ബേബിയുടെ പ്രതികരണം. പിഎം ശ്രീ വിഷയത്തിൽ നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുമായി ഡി.രാജ കൂടിക്കാഴ്ച നടത്തിയിരുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചെന്ന ടുത്ത അമർഷവും സിപിഐ നേതൃത്വത്തിനുണ്ട്. ഡൽഹിയിൽ ഇന്ന് ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലും പി.എം ശ്രീ പ്രധാന ചർച്ചയാകും.
നേരത്തെ, പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചിരുന്നു. മുന്നണി മര്യാദകൾ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യും.
Adjust Story Font
16

