സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടം; പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
ചാൻസിലറുടെ നിലപാടുകൾ തിരുത്തിയിട്ടില്ലെങ്കിൽ ശക്തമായ പോരാട്ടം യുവജനങ്ങൾ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.
ആർഎസ്എസ് നോമിനിയായ ചാൻസിലറെ മുൻനിർത്തി കേരളത്തിലെ സർവ്വകലാശാലകളെ ആർഎസ്എസ് വത്ക്കരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഉള്ള ശ്രമം വിലപ്പോവില്ല. കേരള സർവകലാശാലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടമാണ് വിദ്യാർത്ഥികൾ നടത്തുന്നത്.
ഭരണഘടനയും യൂണിവേഴ്സിറ്റി ആക്ടും സ്റ്റാറ്റ്യൂട്ടുകളും കാറ്റിൽ പറത്തി ചാൻസിലറും ചാൻസിലറുടെ നോമിനിയായ വിസിയും ചേർന്ന് നിരന്തരം ഉത്തരവുകൾ ഇറക്കികൊണ്ടിരിക്കുകയാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്താനും നടപടി എടുക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സർവ്വകലാശാലയുടെ ഭരണനിർവഹണം നടക്കുന്ന സിന്‍ഡിക്കേറ്റിനെ ഭീഷണിപ്പെടുത്തുന്ന ചാൻസിലർ ആർ എസ് എസിന് അടിമപ്പണി എടുക്കുകയാണ്.
സർവകലാശാലകളെ സംരക്ഷിക്കുവാനായി വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ചാൻസിലറുടെ നിലപാടുകൾ തിരുത്തിയിട്ടില്ലെങ്കിൽ ശക്തമായ പോരാട്ടം യുവജനങ്ങൾ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Adjust Story Font
16

