മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ വെള്ളാപ്പള്ളി മാപ്പ് പറയണം: ഷിജു ഖാൻ
വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ നേതാവ്. വെള്ളാപ്പള്ളി മാപ്പ് പറയണമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ ആവശ്യപ്പെട്ടു.
'മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നു വിളിച്ച വെള്ളാപ്പള്ളി നടേശൻ്റെ നിലപാട് തള്ളിക്കളയുന്നു. അത് പിൻവലിച്ച് മാപ്പുപറയണം'- ഷിജു ഖാൻ വിശദമാക്കി. എഫ്ബി പോസ്റ്റിലൂടെയാണ് പ്രതികരണം.
മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദിന്റെ പരാതിയിൽ പറയുന്നു.
സമൂഹത്തിൽ ഭിന്നിപ്പും സാമുദായിക സ്പർധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളി മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്നും കേസെടുക്കണമെന്നും യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത്. കഴിഞ്ഞദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞദിവസം വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായ വെള്ളാപ്പള്ളി ഒരു ചാനലിന്റെ മൈക്ക് തട്ടിമാറ്റിയിരുന്നു. ഇത് സൂചിപ്പിച്ചാണ് വെള്ളാപ്പള്ളി അധിക്ഷേപം ചൊരിഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ തീവ്രവാദിയാണെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം.
ആക്ഷേപത്തിന്റെ അങ്ങേ അറ്റമാണ് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Adjust Story Font
16

