'സമരത്തിലെ നുഴഞ്ഞു കയറ്റക്കാരെ പൊലീസ് പിടികൂടട്ടെ, പരാതി പരിഹരിക്കാതെ ഫ്രഷ് കട്ട് തുറക്കാൻ അനുവദിക്കില്ല'; ഡിവൈഎഫ്ഐ
ജനങ്ങളുടെ സമരം ന്യായമാണെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റും സംഘർഷവുമായി ബന്ധപ്പെ കേസിലെ ഒന്നാം പ്രതിയുമായ ടി.മഹ്‌റൂഫ് പറഞ്ഞു

താമരശ്ശേരി: ജനങ്ങളുടെ പരാതി പരിഹരിക്കാതെ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണശാല തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. ഫ്രഷ് കട്ടിനെതിരായ ജനങ്ങളുടെ സമരം ന്യായമാണ്.സംഘർഷത്തിലേക്ക് നയിച്ച സമരത്തിലെ നുഴഞ്ഞു കയറ്റക്കാരെ പൊലീസ് പിടികൂടട്ടെയെന്നും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി.മഹ്‌റൂഫ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഒന്നാം പ്രതിയാണ് മഹ്‌റൂഫ്.
ഫ്രഷ് കട്ട് സംഘർഷത്തിൽ ചിലര്‍ നുഴഞ്ഞുകയറിയെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ആരോപണം.സമരസമിതിക്ക് നേതൃത്വം നൽകിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികൾ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.
അതിനിടെ, അറവുമാലിന്യ സംസ്‌കരണശാലക്ക് ജില്ലാ ഭരണകൂടം പ്രവർത്തനാനുമതി നൽകിയിരിക്കെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് രാഷട്രീയ പാർട്ടികൾ. മുസ്‌ലിം ലീഗ് ഇന്ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
അതേസമയം,സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോൺഗ്രസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ വഴിവിട്ട ബന്ധമെന്നുമാണ് ഉയര്‍ന്ന ആരോപണം. സമരം അക്രമാസക്തമാക്കുന്നതിൽ ഡിഐജിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.സമരം അക്രമാസക്തമാക്കുന്നതിനു പിറകിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം.സമാധാനപരമായാണ് ആറുവര്‍ഷമായി സമരം നടന്നുവന്നത്. പൊലീസ് സംരക്ഷണത്തോടെയാകും ഇനി പ്ലാന്‍റ് പ്രവര്‍ത്തിക്കുകയെന്നും ഇത് യതീഷ് ചന്ദ്രയും മുതലാളിമാരും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

