Quantcast

'ഇരുണ്ട കാലത്തേക്ക് മടക്കമില്ല'; മൻസിയയ്ക്ക് വേദിയൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ

"മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകൾക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നൽകും"

MediaOne Logo

Web Desk

  • Published:

    30 March 2022 7:57 AM GMT

ഇരുണ്ട കാലത്തേക്ക് മടക്കമില്ല; മൻസിയയ്ക്ക് വേദിയൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ
X

നർത്തകി മൻസിയയ്ക്ക് മതത്തിന്റെ പേരിൽ കൂടൽ മാണിക്യക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ. മൻസിയയ്ക്ക് വേദിയൊരുക്കുമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

പ്രസ്താവന ഇങ്ങനെ;

മതത്തിന്റെ പേരിൽ മൻസിയ എന്ന പ്രതിഭാധനയായ കലാകാരിക്ക് കൂടൽ മാണിക്യക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മൻസിയ ശ്യാം എന്ന പേരിൽ അപേക്ഷ നൽകിയപ്പോൾ അംഗീകരിക്കുകയും പിന്നീട് അവർ ഹിന്ദുമതത്തിൽ പെട്ടയാളല്ലെന്ന് മനസിലായപ്പോൾ അംഗീകാരം പിൻവലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നൽകിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണ്.

ശാസ്ത്രീയ നൃത്തരൂപങ്ങൾ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരിൽ നിന്ന് നേരത്തേ കനത്ത എതിർപ്പുകൾ നേരിടേണ്ട വന്ന കലാകാരിയാണ് മൻസിയ. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്.

അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകൾക്കുള്ള വേദിയാക്കി മാറ്റുകയും വേണം. കലയും സംസ്‌കാരവും മാനവികതയുടെ അടിവേരാണ്. മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകൾക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോൽസവത്തിൽ അവസരം നിഷേധിച്ചുവെന്നാണ് മൻസിയ ആരോപിച്ചിരുന്നത്. ഏപ്രിൽ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ ഇക്കാര്യം അറിയിച്ചതെന്നാണ് മൻസിയ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്.

മൻസിയയുടെ കുറിപ്പ്;

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ'

ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.

നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.

വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

#മതേതര കേരളം

Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..

TAGS :

Next Story