മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചത് ലാവലിൻ കേസിൽ
വിവേക് കിരണിന്‍റെ വിദേശ വിദ്യാഭ്യാസത്തിനായി പണം നല്‍കിയത് ലാവലിൻ മുന്‍ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനാണെന്ന സുപ്രധാന മൊഴി ഇഡിക്ക് ലഭിച്ചിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചത് ലാവലിൻ കേസിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2020ൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ് അയച്ചത്. വിവേക് വിദേശത്ത് ആയിരുന്നതിനാൽ സമൻസ് മടങ്ങിയെന്നും കേസ് സുപ്രീംകോടതി പരിഗണനയിൽ ആയതിനാൽ തുടർനടപടികൾ എടുത്തില്ല എന്നുമാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് പദ്ധതിക്കേസിലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. ഇതിലാണ് ഇപ്പോള്‍ വിശദീകരണവുമായി ഇ ഡി തന്നെ രംഗത്തെത്തിയത്. 2020ൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് ചിലരെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മകനെതിരായ ചില മൊഴികളും ഇഡിക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍റെ വിദേശ വിദ്യാഭ്യാസത്തിനായി പണം നല്‍കിയത് ലാവലിൻ മുന്‍ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനാണെന്ന സുപ്രധാന മൊഴി ഇഡിക്ക് ലഭിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചത്. എന്നാല്‍ അന്നേരം വിവേക് കിരണ്‍ യുകെയിലായിരുന്നു.അതുകൊണ്ടാണ് സമന്‍സ് മടങ്ങിയതെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.
2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. എന്നാൽ വിവേക് കിരൺ ഹാജരായില്ല.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാകുമ്പോൾ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, വിവേക് കിരണിനെതിരെ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കര ഇന്ന് പരാതി നൽകിയിരുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ വകുപ്പ്, കേന്ദ്ര റവന്യു വിഭാഗം സെക്രട്ടറി എന്നിവര്‍ക്കാണ് അനിൽ അക്കര പരാതി നൽകിയത് . വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് പദ്ധതിയിലെ ഡോളർ കടത്ത് കേസിൽ വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നാലാം പ്രതിയായ ഈജിപ്ഷ്യൻ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയിലുണ്ടായിരുന്നു.
Adjust Story Font
16

