അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി
അവയവദാന റാക്കറ്റുകളും മുൻനിര ആശുപത്രികളുമായി കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കാൻ ഇഡി തയ്യാറെടുക്കുന്നത്

കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അവയവദാന റാക്കറ്റുകളും മുൻനിര ആശുപത്രികളുമായി കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കാൻ ഇഡി തയ്യാറെടുക്കുന്നത്.
അവയവക്കടത്ത് കേസിൽ പിടിയിലായിട്ടുള്ള മുഖ്യ ഏജന്‍റ് നജീബുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലുൾപ്പടെ കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് ഇഡിയുടെ നീക്കം. ഇന്നലെ രാത്രിയോളം നീണ്ട പരിശോധനകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെയുള്ള അവയവദാന ശാസ്ത്രക്രിയകളെക്കുറിച്ചുള്ള രേഖകൾ ആശുപത്രികളിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
നിയമവിരുദ്ധമായ അവയവദാനത്തിന് വ്യാജ രേഖകള്‍ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു എൻഫോസ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനകൾ.
കൊച്ചി, തിരുവനന്തപുരം, കോട്ടയം, കാസർകോട്, കൊല്ലം എന്നിവിടങ്ങളിലെ ഏതാനും സ്വകാര്യ ആശുപത്രികൾ,വസതികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊച്ചിയിൽ മൂന്ന് സ്വകാര്യ ആശുപത്രികളിൽ ഇഡി എത്തി വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായിരുന്നു പരിശോധന. തട്ടിപ്പിലെ പ്രധാന കണ്ണിയായ ശ്രീജയുടെ കൊല്ലത്തെ വീട്ടിലും പരിശോധന നടത്തി. കൊല്ലം കിളികൊല്ലൂര്‍ പൊലീസെടുത്ത കേസിൽ പ്രതിയാണ് ശ്രീജ.മറ്റൊരു പ്രതിയായ സുധീറിൻ്റെ വീട്ടിലും പരിശോധന നടന്നു.
കേസിലെ പ്രധാന സൂത്രധാരനും കല്ലട്രാസ് മെഡിക്കൽ ടൂറിസം സ്ഥാപനത്തിൻ്റെ ഉടമയുമായ നജീബിൻ്റെ കാസര്‍കോട്ടെ വീട്ടിലും ഇഡി റെയ്‌ഡ് നടന്നു. അവയദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം വാഴൂർ പുളിക്കൽ കവല സ്വദേശി മായയുടെ വീട്ടിലും പരിശോധന നടന്നു. പൊലീസ് രജിസ്ടർ ചെയ്ത കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. അവയവദാതാക്കള്‍, സ്വീകര്‍ത്താക്കള്‍, ആശുപത്രികള്‍ എന്നിവയ്ക്കിടയില്‍ പ്രതികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നും അവയവദാനത്തിനായി വന്‍ തുകകള്‍ ഈടാക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇഡി അറിയിച്ചു. പ്രധാന പ്രതിയായ നജീബുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

