'ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർഥിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണുമോ'; ബിഷപ്പുമാരെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി
പ്രധാനമന്ത്രിയുടെ മുന്നിൽ പോയി പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലെന്നും മന്ത്രി

കോട്ടയം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർഥിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണുമോയെന്ന് മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ മുന്നിൽ പോയി പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർ കാണിക്കുന്നില്ലെന്നും മന്ത്രി വിമർശിച്ചു.
'മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയുമടക്കമുള്ളവരെ പൂർണമായും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ എടുത്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്.ആ പ്രധാനമന്ത്രിയോട് ഞങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പരാതി പറയാൻ പോലുമുള്ള ധൈര്യം തിരുമേനിമാർ കാണിക്കുന്നില്ല'. മന്ത്രി പറഞ്ഞു.
അറസ്റ്റ് ചെയ്ത സംഭവത്തിൽ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. രാജ്യത്ത് ബൈബിളിനും കുരിശിനും അപ്രഖ്യാപിത വിലക്കാണെന്ന് കത്തോലിക്കാ സഭയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിൻ്റെ അനുമതി വേണ്ട സ്ഥിതി. കന്യസ്ത്രീകൾക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങനാകുന്നില്ലെന്നും ദീപിക പറയുന്നു.
അതേസമയം,വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.ദുർഗ് ജില്ലാ കോടതിയാണ്ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Adjust Story Font
16

