'നിയമനത്തിനായി എല്ലാ സാധ്യതകളും പരിശോധിക്കും'; എൽപി സ്കൂൾ അധ്യാപക നിയമനം ഇഴയുന്നുവെന്ന മീഡിയവൺ വാർത്തയിൽ ഇടപെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
മീഡിയവണ്‍ വാര്‍ത്തയ്ക്ക് മന്ത്രി വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് ഡയറക്ടര്‍ മറുപടി നല്‍കിയത്

തിരുവനന്തപുരം: എല്‍പി സ്‌കൂള്‍ അധ്യാപക നിയമനം ഇഴയുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയില്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഉദ്യോഗാര്‍ത്ഥികളുടെ പരാതി പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. നിയമനത്തിനായി എല്ലാ സാധ്യതകളും പരിഗണിക്കും. വിദ്യാര്‍ഥികള്‍ കുറയുന്നതുമൂലമുള്ള ഡിവിഷന്‍ ഫാളാണ് നിയമനം വൈകുന്നതിലെ കാരണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. മീഡിയവണ്‍ വാര്‍ത്തയ്ക്ക് മന്ത്രി വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് ഡയറക്ടര്‍ മറുപടി നല്‍കിയത്.
'ഡിവിഷന്‍ ഫാള്‍ തന്നെയാണ് പ്രധാന പ്രശ്‌നം. എല്‍പി തലത്തിലെ റാങ്ക് ഹോള്‍ഡേഴ്‌സിനെയെല്ലാം ഞാന്‍ വ്യക്തിപരമായി കാണണമെന്നാണ് കരുതുന്നത്. കേരളത്തിലെ ജനനനിരക്ക് കുറയുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാനിടയുള്ള ഡിവിഷന്‍ ഫാളാണ് പ്രധാന കാരണം. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ പഠിച്ച് സാധ്യമായ പരിഹാരങ്ങള്‍ക്കുള്ള വഴി ഉടന്‍ കാണും. മന്ത്രി തലത്തിലേക്ക് ചര്‍ച്ച എത്തിച്ചിട്ടുണ്ട്'. ഡയറക്ടര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ആലോചിച്ച് സാധ്യമായ പരിഹാരങ്ങള്‍ തേടുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
നേരത്തെ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എല്‍പി സ്‌കൂള്‍ അധ്യാപക നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. എട്ട് ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിച്ചിരുന്നില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതുകൊണ്ടുണ്ടാകുന്ന ഡിവിഷന്‍ ഫാള്‍ കാരണം പുറത്താക്കപ്പെട്ട അധ്യാപകരെ വിരമിക്കല്‍ ഒഴിവിലേക്ക് പരിഗണിക്കുന്നതാണ് നിയമനം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 31നാണ് എല്‍പി സ്‌കൂള്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. ലിസ്റ്റ് വന്ന എട്ട് മാസം പിന്നിടുമ്പോഴും നിയമന സാധ്യത അനിശ്ചിതത്തിലാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്. കോവിഡ് കാലത്ത് കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിച്ചിരുന്നെങ്കിലും നിലവില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതാണ് ഡിവിഷന്‍ ഫാളിന്റെ കാരണം. ഡിവിഷന്‍ ഫാള്‍ നേരിടുന്ന അധ്യാപകരെ പ്രധാനധ്യാപക ഒഴിവിലേക്ക് പുനര്‍വിന്യസിച്ച് വിരമിക്കല്‍ ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പ്രധാന ആവശ്യം.
Adjust Story Font
16

