Quantcast

ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷത്തിനും സംഘ്പരിവാറിന്‍റെ അക്കൗണ്ട് പൂട്ടിച്ച കേരള ജനതക്കും അഭിനന്ദനം; വെൽഫെയർ പാർട്ടി

കേരളം കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മതേതര പാർട്ടികളുടെ വിജയം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ആവേശം പകരുന്നതാണ്

MediaOne Logo

ijas

  • Updated:

    2021-05-02 13:58:45.0

Published:

2 May 2021 1:53 PM GMT

ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷത്തിനും സംഘ്പരിവാറിന്‍റെ അക്കൗണ്ട് പൂട്ടിച്ച കേരള ജനതക്കും അഭിനന്ദനം; വെൽഫെയർ പാർട്ടി
X

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സംഘ്പരിവാറിന്‍റെ അക്കൗണ്ട് പൂട്ടിച്ച കേരള ജനതയെയും അഭിനന്ദിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. തെരഞ്ഞെടുപ്പിനെ മാനേജ് ചെയ്യുന്നതിലും സംഘടനാപരമായി നേരിടുന്നതിലും ഇടതുമുന്നണി പ്രകടിപ്പിച്ച വൈഭവമാണ് ഇത്ര വലിയ വിജയം നേടുന്നതിന് അവരെ സഹായിച്ചത്. അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയിൽ ഉയർത്തി കൊണ്ടു വരുന്നതിൽ പ്രതിപക്ഷത്തിന്‍റെ പരാജയവും ഇതിന് കാരണമായിട്ടുണ്ട്.

കോവിഡ് അടക്കമുള്ള ദുരന്ത സന്ദർഭങ്ങളെ മെച്ചപ്പെട്ട നിലയിൽ അഭിമുഖീകരിച്ചതും ക്ഷേമ പ്രവർത്തനങ്ങളിലും സർക്കാർ നടത്തിയ മികച്ച പ്രകടനം എൽ.ഡി.എഫ് വിജയത്തിന് കാരണമായിട്ടുണ്ട്. ബി.ജെ പിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്ന ഒരു സീറ്റിൽ കൂടി അവരെ പരാജയപ്പെടുത്തി കേരളം അതിന്‍റെ മതേതര പ്രബുദ്ധത കൂടുതൽ ഉറപ്പിച്ചത് ആഹ്ളാദകരമാണ്.

സംഘ്പരിവാർ വിരുദ്ധത, കോർപ്പറേറ്റ് അജണ്ടകൾ നടപ്പാക്കൽ, തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ, ഭൂപ്രശ്നങ്ങൾ, സംവരണ അട്ടിമറി, വ്യാജ ഏറ്റുമുട്ടൽ കൊല, കൊലപാതക രാഷ്ട്രീയം, ആശ്രിത - പിൻവാതിൽ നിയമനങ്ങൾ, പിഎസ്.സി നിയമന അട്ടിമറികൾ, സംഘ്പരിവാർ അനുകൂല പോലീസ് നയം, സ്ത്രീ സുരക്ഷയിൽ വരുത്തിയ വീഴ്ചകൾ, പാലത്തായി-വാളയാർ സംഭവങ്ങൾ ദലിത്-ആദിവാസി പ്രശ്നങ്ങൾ തുടങ്ങിയവയെ രാഷ്ട്രീയമായി ഉയർത്തുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. യഥാർഥ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തുന്നതിന് പകരം ശബരിമല പോലെയുള്ള മത ധ്രുവീകരണ വിഷയങ്ങളുടെ പിറകെ പോകുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് ഇടതു വിജയത്തെ എളുപ്പമുള്ളതാക്കി.

അധികാരത്തിലെത്തുന്ന ഇടതു മുന്നണി സർക്കാർ നിലവിലെ സർക്കാർ സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തി ശരിയായ സമീപനം സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. വെൽഫെയർ പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിയുടെ രാഷ്ട്രീയത്തെ പിന്തുണച്ച ജനങ്ങളെ പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു.

കേരളം കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മതേതര പാർട്ടികളുടെ വിജയം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ആവേശം പകരുന്നതാണ്. അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളുന്നയിച്ച് സാമൂഹിക നീതിക്ക് വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലൂടെ ജനങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടി തുടർന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story