ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുവിൽ നിര്‍ത്തി ടാര്‍ ചെയ്ത് കരാറുകാരന്‍; നടപടിയെടുക്കുന്നതിനെച്ചൊല്ലി പഞ്ചായത്തും കെഎസ്ഇബിയും രണ്ട് തട്ടിൽ
ടാറിങ്ങിനിടെ ഇത്രയും വലിയൊരു പോസ്റ്റ് തൊഴിലാളികൾ കാണാതെ പോയതാണോ എന്നാണ് നാട്ടുകാരുടെ സംശയം

കൊച്ചി: ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുവിൽ തന്നെ നിർത്തി ടാർ ചെയ്ത സംഭവത്തില്‍ പഞ്ചായത്തും കെഎസ്ഇബിയും രണ്ട് തട്ടിൽ.ട്രോളുകളിലും കാർട്ടൂണുകളിലും മാത്രം കണ്ടു പരിചയമുള്ള കാഴ്ച നേരിൽ കണ്ടതിലുള്ള കൗതുകത്തിലാണ് എറണാകുളം കൂവപ്പടി നിവാസികൾ. കൂവപ്പടി കിഴക്കേ അയ്മുറിയെയും കൊരുമ്പശ്ശേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇലവുംകൂടി പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിലാണ് ഈ വിചിത്രകാഴ്ചയുള്ളത്.
പഞ്ചായത്തിലെ മരാമത്ത് വിഭാഗം ചുമതലപ്പെടുത്തിയ കരാറുകാരനാണ് ടാറിങ് ജോലികൾ നടത്തിയത്. ടാറിങ്ങിനിടെ ഇത്രയും വലിയൊരു പോസ്റ്റ് തൊഴിലാളികൾ കാണാതെ പോയതാണോ എന്നാണ് നാട്ടുകാരുടെ സംശയം. അതോ കെഎസ്ഇബിയുമായി ഒരു തര്‍ക്കം വേണ്ട എന്ന് കരുതി പോസ്റ്റിനെ നടുവിൽ തന്നെ നിർത്തി ചുറ്റും ടാറിങ് ചെയ്തതാണോ എന്ന് സംശയിക്കുന്നവരും ചെറുതല്ല.
കൂവപ്പടി- മുടക്കുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എളുപ്പവഴി ആയതിനാൽ ഇതുവഴി വാഹനങ്ങളുടെ എണ്ണം കൂടുതലാണ്.അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം. രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ ഈ പോസ്റ്റ് ശ്രദ്ധിക്കാതെ അപകടത്തിൽ പെടാൻ സാധ്യതയും ഏറെയാണ്.
Adjust Story Font
16

