Quantcast

കാട്ടാന ആക്രമണം: 'പോളിന് ചികിത്സ മുടങ്ങിയിട്ടില്ല, കുടുംബത്തിന്‍റെ ആരോപണങ്ങൾ അന്വേഷിക്കും'; വനം മന്ത്രി

'വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്'

MediaOne Logo

Web Desk

  • Published:

    17 Feb 2024 2:44 AM GMT

കാട്ടാന ആക്രമണം: പോളിന് ചികിത്സ മുടങ്ങിയിട്ടില്ല, കുടുംബത്തിന്‍റെ ആരോപണങ്ങൾ അന്വേഷിക്കും; വനം മന്ത്രി
X

കോഴിക്കോട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ചികിത്സാപിഴവുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

മാനന്തവാടി മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി പോളിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽനിന്ന് കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും മരിച്ച പോൾ വി.പിയുടെ മകൾ ആരോപിച്ചിരുന്നു. കൃത്യമായ ചികിത്സ വേഗത്തിൽ ലഭിച്ചിരുന്നെങ്കിൽ അച്ഛൻ ജീവിച്ചിരിക്കുമായിരുന്നുവെന്നും ഇവർ പറഞ്ഞു.

'രാവിലെ ഒൻപത് മണിക്ക് ആന ആക്രമിച്ചിട്ടും അച്ഛൻ മണിക്കൂറുകൾ ജീവിച്ചു. വേണ്ട ചികിത്സ വേഗം ലഭ്യമാക്കിയിരുന്നെങ്കിൽ മരണമുണ്ടാകുമായിരുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. ആശുപത്രിയിൽനിന്ന് ചികിത്സ വൈകിപ്പിച്ചു'. മാനന്തവാടിയിൽനിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും മകൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ ഈ ആരോപണം ഗൗരവപൂർവം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട പോളിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.



TAGS :

Next Story