Quantcast

കൃപാസനത്തിലെ ഉടമ്പടി തുണച്ചു; ബി.ജെ.പിയിൽ ചേർന്ന മകനെ ഭർത്താവ് സൗമ്യമായി സ്വീകരിച്ചു-എലിസബത്ത് ആന്‍റണി

''ബി.ജെ.പിയോടുണ്ടായിരുന്ന അറപ്പും വെറുപ്പുമെല്ലാം മാതാവിനു മുന്നില്‍ തുണ്ട് വച്ചു പ്രാര്‍ത്ഥിച്ച ശേഷം മാറി.''

MediaOne Logo

Web Desk

  • Published:

    23 Sep 2023 7:25 AM GMT

Elizabeth Antony defends Anil Antonys BJP entry Anil Antony and mother Elizabeth Antony, AK Antony wife
X

അനില്‍ ആന്‍റണി, എലിസബത്ത് ആന്‍റണി

തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ ന്യായീകരിച്ച് അമ്മ എലിസബത്ത് ആന്റണി. കൃപാസനത്തിലെ ഉടമ്പടി തുണച്ചെന്നും അതിലൂടെ ബി.ജെ.പിയിൽ ചേർന്ന മകനെ ഭർത്താവ് ആന്റണി സൗമ്യമായി സ്വീകരിച്ചെന്നും അവർ പറഞ്ഞു. ആന്റണിക്ക് മകനോട് വൈരാഗ്യമില്ല. ഉടമ്പടിയെടുത്ത് പരിശുദ്ധ മാതാവിന്റെ മുന്നിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ബി.ബി.സി വിവാദം വന്നു മകന് ബി.ജെ.പിയിലേക്കുള്ള അവസരം ലഭിക്കുന്നതും ഭർത്താവിനു രോഗസൗഖ്യവും രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവുമെല്ലാം ഉണ്ടായതെന്നും എലിസബത്ത് പറഞ്ഞു.

ഫാദർ വി.പി ജോസഫിന്റെ കൃപാസനം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അനുഭവസാക്ഷ്യം എന്ന പേരിൽ എലിസബത്തിന്റെ തുറന്നുപറച്ചിൽ. ഉടമ്പടിയിലൂടെയും പ്രാർത്ഥനയിലൂടെയും താൻ മുന്നോട്ടുവച്ച രണ്ടു നിയോഗങ്ങൾ പൂർത്തീകരിച്ചെന്നാണ് അവർ പറയുന്നത്. അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനവും എ.കെ ആന്റണിയുടെ സൗഖ്യത്തിനും രാഷ്ട്രീയത്തിലെ തിരിച്ചുവരവിനുമായുള്ള അപേക്ഷയുമായിരുന്നു വച്ചത്. ഇതെല്ലാം ഫലിച്ചെന്നും കൃപാസനത്തിൽ പോയി ജോസഫ് അച്ചന് കുറിപ്പ് കൊടുത്ത് മാതാവിനു മുന്നിൽ പ്രാർത്ഥിച്ചപ്പോൾ ബി.ജെ.പിയോടുണ്ടായിരുന്ന അറപ്പ് മാറിയെന്നും അവർ പറയുന്നുണ്ട്.

2022ൽ സഹോദരൻ മുഖേനയാണ് കൃപാസനത്തിലെ ഉടമ്പടിയെ കുറിച്ച് അറിയുന്നത്. അന്നു താനും ഭർത്താവും കോവിഡ് ബാധിച്ച് വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. സഹോദരനും സഹോദരിമാരും ഉടമ്പടിയെടുത്ത് നെറ്റിയിൽ തൈലം തേച്ച് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു. അതിശയകരമാംവിധം ഒരു പാർശ്വഫലങ്ങളുമില്ലാതെ എല്ലാം ഭേദമായി. ഭർത്താവിന് ഒരുപാട് സങ്കീർണതകളുണ്ടായിരുന്നു. പ്രാർത്ഥനയിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. ഭർത്താവ് അവിശ്വാസിയാണ്. ഒട്ടും ദൈവവിശ്വാസമില്ല. പ്രാർത്ഥിക്കുമ്പോൾ എൽസി പ്രാർത്ഥിച്ചോ എന്നാണു പറയാറുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.

അദ്ദേഹം എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടു രാഷ്ട്രീയത്തിൽനിന്നു വിരമിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥ എനിക്കും മക്കൾക്കും സഹിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ഞാൻ പ്രാർത്ഥിച്ചു. എന്തായാലും കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാംവിധം അദ്ദേഹം വീണ്ടും പ്രവർത്തകസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ആത്മവിശ്വാസം തിരിച്ചുവരികയും തനിയെ യാത്ര ചെയ്ത് ഹൈദരാബാദിലെ പ്രവർത്തക സമിതിയിൽ പങ്കെടുക്കുകയും ചെയ്തു. അതിന് അമ്മയോട് ഒരുപാട് നന്ദിയുണ്ട്-എലിസബത്ത് വിവരിച്ചു.

''രാഷ്ട്രീയത്തിൽ ചേരണമെന്ന് മൂത്ത മകന്റെ വലിയ ആഗ്രഹമായിരുന്നു. ചിന്തൻ ശിബിരിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അതുകൊണ്ട് രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന തടസമായിരുന്നു. ഭർത്താവ് ആണെങ്കിൽ മക്കൾക്കു വേണ്ടി അക്കാര്യത്തിൽ ഒന്നും ചെയ്യുകയുമില്ല.

അങ്ങനെയിരിക്കുമ്പോഴാണ് അമ്മയുടെ അടുത്ത് ഒരു നിയോഗംവച്ചത്. നമ്മൾ ആരും പ്രതീക്ഷിക്കാത്ത രീതിയിലാണു കാര്യങ്ങൾ പോയത്. പെട്ടെന്ന് ബി.ബി.സി വിവാദം വരികയും അത് ഭയങ്കരമായി സോഷ്യൽ മീഡിയയിൽ വലിയ പ്രശ്‌നവുമായി. എല്ലാം കൈവിട്ടുപോയോ എന്നു മാതാവിനോട് ചോദിച്ചു. അമ്മയ്ക്കു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂവെന്നു പറയുകയും ചെയ്തു. മകന്റെ വലിയ സ്വപ്‌നമാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുക എന്നത്. മകന് 39 വയസായെന്നും അവന്റെ ആഗ്രഹം സാധിക്കുന്നില്ലെന്നുമെല്ലാം ഞാൻ അമ്മയോട് കരഞ്ഞുപറഞ്ഞു.

അപ്പോഴാണ് അവൻ വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു വിളിച്ചിട്ടുണ്ടെന്നു പറഞ്ഞത്. അവർ ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ബി.ജെ.പിയിൽ ചേർന്നാൽ ഒരുപാട് അവസരങ്ങളുണ്ടാകുമെന്നു പറയുകയും ചെയ്തു.''

നമ്മൾ വിശ്വസിക്കുന്നതും ജീവിച്ചതുമെല്ലാം കോൺഗ്രസ് പാർട്ടിയിലാണ്. ബി.ജെ.പിയിലേക്കു പോകുന്നത് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. അങ്ങനെയാണ് അമ്മയോട് ചോദിക്കാനായി ബഹുമാനപ്പെട്ട ജോസഫ് അച്ചന്റെ അടുത്ത് തുണ്ട് കൊടുത്തത്. അമ്മയുടെ കാൽക്കൽ തുണ്ട് വച്ച് അച്ചൻ പ്രാർത്ഥിച്ചു. എന്നിട്ട് അവൻ തിരിച്ചുവരാൻ പ്രാർത്ഥിക്കേണ്ടെന്ന് അച്ചൻ പറഞ്ഞു. അവന് അവിടെ നല്ലൊരു ഭാവി അമ്മ കാണിച്ചുതരുന്നുണ്ടെന്നും പറഞ്ഞു.

ഉടൻ തന്നെ അമ്മ മനസ് മാറ്റിത്തന്നു. ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവുമെല്ലാം അപ്പോൾ തന്നെ മാറ്റി എനിക്ക് വേറൊരു ഹൃദയം തന്നു. അവനെ അംഗീകരിക്കാനുള്ള മനസ് തന്നു. പക്ഷെ, വീട്ടിൽ കയറിച്ചെന്നു വീട്ടുകാരോട് എന്തു പറയുമെന്ന ഭീതിയായിരുന്നു. ഭർത്താവിനു വലിയ ഷോക്കാകുമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ വീട്ടിൽ പോയി.

നാലു ദിവസം കഴിഞ്ഞപ്പോൾ അവൻ ബി.ജെ.പിയിൽ ചേർന്ന വിവരം ചാനലിലൂടെ അറിഞ്ഞു. ഭർത്താവിന് അതു വലിയ ഷോക്കായി. അമ്മ എന്റെ വീട്ടിലെ ക്രമസമാധാനനില കൂടി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ സൗമ്യതയോടെയാണ് അദ്ദേഹം ആ സാഹചര്യം തരണം ചെയ്തത്. മകൻ വീട്ടിലേക്കു വരുമ്പോൾ വലിയ പൊട്ടിത്തെറിയുണ്ടാകുമോ എന്ന് ഓർത്ത് വലിയ ഭയമായിരുന്നു. എന്നാൽ, അമ്മ എല്ലാവരുടെയും മനസ് തണുപ്പിച്ച് സൗമ്യമായി സംസാരിക്കാനുള്ള അവസരം വീട്ടിലുണ്ടാക്കി.

വേറൊരു രാഷ്ട്രീയത്തിൽ ചേർന്ന ശേഷം വീട്ടിൽ വന്നപ്പോൾ എല്ലാ കാര്യങ്ങളും സൗമ്യമായി കഴിഞ്ഞു. വീട്ടിൽ വരുന്നതിനോട് ഒരു എതിർപ്പുമില്ലെന്നും പക്ഷെ രാഷ്ട്രീയം മാത്രം വീട്ടിൽ സംസാരിക്കാൻ പാടില്ലെന്നും ഭർത്താവ് മകനോട് പറഞ്ഞു. അവനോട് ഒരു വൈരാഗ്യവും വിരോധവുമില്ലാത്ത രീതിയിൽ എല്ലാവരും പെരുമാറുന്നുണ്ട്. വീട്ടിൽ ഒറ്റപ്പെടുത്തിയിട്ടുമില്ല. അവൻ ഇപ്പോൾ സന്തോഷത്തിലാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

Summary: Elizabeth Antony defends son Anil Antony's BJP entry, saying that her husband, AK Antony, accepted the son after the prayer at Kripasana

TAGS :

Next Story