Quantcast

കണ്ണൂരിൽ ഒളിച്ചോടിയ സ്ഥാനാർഥി തോറ്റു; പൊലീസിനെ ബോംബെറിഞ്ഞതിന് ജയിലിലായ പ്രതി ജയിച്ചു

വാർഡിൽ സിപിഎം സ്ഥാനാർഥി എൻ.പി സജിത വിജയിച്ചപ്പോൾ ബിജെപിയാണ് രണ്ടാമത്.

MediaOne Logo

Web Desk

  • Published:

    13 Dec 2025 9:28 PM IST

Absconding candidate loses in Kannur accused in jail for throwing bomb at police wins
X

കണ്ണൂർ: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവുമ​ധികം ശ്രദ്ധ നേടിയ സംഭവമായിരുന്നു കണ്ണൂരിലെ ഒരു വനിതാ സ്ഥാനാർഥിയുടെ ഒളിച്ചോട്ടം. ചൊക്ലി പഞ്ചായത്തിലെ കാഞ്ഞിരത്തിൻകീഴ് വാർഡിലെ മുസ്‌ലിം ലീ​ഗ് സ്ഥാനാർഥി ടി.പി അറുവയാണ് ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാർഡിൽ ടി.പി അറുവ തോറ്റു.

വാർഡിൽ സിപിഎം സ്ഥാനാർഥി എൻ.പി സജിത വിജയിച്ചപ്പോൾ ബിജെപിയാണ് രണ്ടാമത്. സജിത 709 വോട്ടും ബിജെപി സ്ഥാനാർഥി പി. പ്രവിജ 304 വോട്ടും നേടിയപ്പോൾ 114 വോട്ട് മാത്രമാണ് ലീഗ് സ്ഥാനാർഥി ടി.പി അറുവയ്ക്ക് കിട്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അറുവയെ കാണാതായത്. അന്വേഷണത്തിൽ ബിജെപി പ്രവർത്തകനൊപ്പം പോയെന്ന് കണ്ടത്തുകയായിരുന്നു.

തുടർന്ന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അറുവയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു. 19 വാർഡുള്ള ചൊക്ലി പഞ്ചായത്തിൽ 17 എണ്ണം നേടി സിപിഎമ്മാണ് അധികാരത്തിലെത്തിയത്. കോൺ​ഗ്രസിനും ശരദ് പവാർ വിഭാ​ഗം എൻസിപിക്കും ഓരോ സീറ്റ് വീതവും ലഭിച്ചു.

കണ്ണൂരിൽ തന്നെ, പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ച് ജയിലിൽ കഴിയുന്ന പ്രതിയും ജയിച്ചു. പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡ് മൊട്ടമ്മലിലെ സിപിഎം സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ നിഷാദാണ് ജയിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ് നിഷാദ്.

536 വോട്ടിന് നിഷാദ് ജയിച്ചപ്പോൾ എതിർ സ്ഥാനാർഥി യുഡിഎഫിലെ കെ.വി അർജുൻ 195 വോട്ടാണ് നേടിയത്. നിഷാദിനായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തിയത്. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവുശിക്ഷയാണ് വി.കെ നിഷാദിന് ലഭിച്ചത്. 13 വർഷം മുമ്പ് നടന്ന സംഭവത്തിൽ തളിപ്പറമ്പ് കോടതിയാണ് ശിക്ഷിച്ചത്. നിഷാദ് വിജയിച്ച സാഹചര്യത്തിൽ എങ്ങനെ ജനപ്രതിനിധിയായി തുടരുമെന്നാണ് ഉയരുന്ന ചോദ്യം.

46 വാർഡുള്ള പയ്യന്നൂർ നഗരസഭയിൽ 35 സീറ്റ് നേടി എൽഡിഎഫ് അധികാരം നിലനിർത്തിയപ്പോൾ യുഡിഎഫ് ഒമ്പത് സീറ്റും സ്വതന്ത്രർ രണ്ട് സീറ്റുമാണ് നേടിയത്.




TAGS :

Next Story